ശ്രീനിവാസന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Siddique-Arrest
SHARE

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍. പാലക്കാട് സൗത്ത് ജില്ലാ സെക്രട്ടറി പട്ടാമ്പി സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വധഗൂഢാലോചനയില്‍ പങ്കാളിയായതിനൊപ്പം പ്രതികള്‍ക്ക് ഒളിച്ചുകഴിയാനും സിദ്ദിഖ് സഹായം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. 

എലപ്പുള്ളിയിലെ സുബൈറിന്റെ കൊലപാതകത്തിന് തിരിച്ചടി നല്‍കണമെന്ന് പ്രവര്‍ത്തകര്‍ക്ക് ആദ്യം നിര്‍ദേശം നല്‍കി. കൊലയാളികള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിന് രക്ഷപ്പെടാന്‍ വഴിയൊരുക്കി. പ്രതികള്‍ക്ക് ഒളിച്ച് താമസിക്കാനും സൗകര്യമൊരുക്കി. തുടങ്ങി അന്വേഷണസംഘം അബൂബക്കര്‍ സിദ്ദിഖിനെതിരെ നിരവധി തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നിയന്ത്രിക്കുന്ന പ്രധാന നേതാക്കളുടെ പട്ടികയിലാണ് അബൂബക്കര്‍ സിദ്ദിഖുള്ളത്. നേരത്തെ പിടിയിലായവരില്‍ നിന്ന് ലഭിച്ച മൊഴി പിന്തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തി ഏഴായി.

സുബൈറിന്റെ വധത്തിന് ശേഷം ഇരുപത്തി നാല് മണിക്കൂറിനുള്ളിലാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. അബൂബക്കര്‍ സിദ്ദിഖ് ഇതിനായി കൃത്യമായ ആസൂത്രണം നടത്തി. ഓരോരുത്തര്‍ക്കും പ്രത്യേകം ചുമതല നല്‍കി. കൊലയ്ക്ക് ശേഷം രക്ഷപ്പെടാനുള്ള വഴി ഉള്‍പ്പെടെ തീരുമാനിച്ചത് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ്. കേസില്‍ മുപ്പത്തി ഒന്‍പതു പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞദിവസം മലപ്പുറം സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് ഏരിയ റിപ്പോര്‍ട്ടറുമായ സിറാജുദ്ദീനെയും അറസ്റ്റ് ചെയ്തിരുന്നു. ശ്രീനിവാസന്‍, സഞ്ജിത്ത് വധക്കേസ്, അധ്യാപകന്റെ കൈവെട്ട് കേസില്‍ ഉള്‍പ്പെടെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ വ്യത്യസ്തഘട്ടങ്ങളില്‍ സിറാജുദ്ദീന്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

MORE IN Kuttapathram
SHOW MORE