കുറ്റ്യാടിയിൽ മർദനമേറ്റ യുവാവ് മരിച്ചു; പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് കുറ്റ്യാടി കൈവേലിയിൽ കഴിഞ്ഞ ദിവസം മർദനത്തിനിരയായ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മൽ സ്വദേശി വിഷ്ണു ആണ് മരിച്ചത്. വിഷ്ണുവിനെ മർദിച്ച ശേഷം ഒളിവിൽ പോയ ചീക്കോന്ന് സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി കൈവേലിയിൽ ബുധനാഴ്ച രാത്രിയായിരുന്നു വളയം ചുഴലി നീലാണ്ടുമ്മൽ സ്വദേശി വിഷ്ണുവിനെ മർദനമേറ്റ് അവശനായ നിലയിൽ കണ്ടെത്തിയത്. 

വഴിയരികിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു വിഷ്ണു. മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനാപകടമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ മർദനമെന്ന് വ്യക്തമായി. വിഷ്ണുവിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ മർദ്ദിച്ച് പരുക്കേൽപ്പിച്ച് ഇടവഴിയിൽ തള്ളിയ അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിന്റെ വീടിന് സമീപത്താണ് വിഷ്ണുവിനെ മർദിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഖിലിനെ കല്ലാച്ചി ടൗണിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബപരമായ പ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമാണ് ആക്രമണക്കാരണമെന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വിഷ്ണു മരിച്ച സാഹചര്യത്തിൽ അഖിലിനെതിരെ കൊലപാതകക്കുറ്റം ചുമത്തും.