ഫൈനാൻസ് ഉടമയെ കൊള്ളയടിച്ചു; പ്രതിയുടെ ഭാര്യയും അറസ്റ്റിൽ; സെക്സ് റാക്കറ്റിലെ മുഖ്യകണ്ണി

വിഴിഞ്ഞം: സ്വകാര്യ പണമിടപാടു സ്ഥാപന ഉടമയിൽ നിന്ന് 20 പവനും 4 ലക്ഷത്തോളം രൂപയുമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ചു കടന്ന കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുത്തൻകോട്ട,വട്ടവിള, വലിയവിളാകം മേലേ വീട്ടിൽ നവീനി (28)ന്റെ ഭാര്യ വിജീഷ (27)യെ ആണ് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ രാത്രി നെടുമങ്ങാട് നിന്നു പിടികൂടിയത്. കവർച്ച ചെയ്ത സ്വർണം ജ്വല്ലറിയിൽ വിൽക്കുന്നതിനിടെയാണ്  അറസ്റ്റ്. 

ഇവരിൽ നിന്നു മോഷ്ടിച്ച രണ്ടു പവനോളം സ്വർണവും വിറ്റ ഇനത്തിൽ നാലര ലക്ഷത്തിലേറെ രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വിജീഷ കരമനയിൽ ഒരു വർഷം മുൻപ് നടന്ന കൊലപാതക കേസിലെ പ്രതിയും. ഭർത്താവുമൊത്ത് നടത്തുന്ന പെൺവാണിഭ റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്നും എസ്എച്ച്ഒ പറഞ്ഞു. ഇവർ മോഷ്ടിച്ച സ്വർണം വിറ്റു പുതിയ കമ്മലും മോതിരവും വാങ്ങി. പിടിച്ചു പറിച്ച പണം മാത്രമാണ് സംഘം പങ്കിട്ടത്. സ്വർണം പങ്കു വച്ചിരുന്നില്ല. വിജീഷയെയാണ് സ്വർണം വിൽക്കാൻ ഏൽപിച്ചത്. വിറ്റു കിട്ടുന്ന തുക വീതം വയ്ക്കാനായിരുന്നു പദ്ധതി എന്നും പൊലീസ് പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി. നവീനിനെ കൂടാതെ കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ജി.എസ്.ഗോകുൽ(23), വട്ടവിള തുണ്ടുവിള വീട്ടിൽ വിമൽകുമാർ എന്നുവിളിക്കുന്ന വിനീത്(34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനി രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.കവർച്ച ചെയ്ത പണം പങ്കിട്ടെടുത്തെന്ന് ഇവർ   മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒയെ കൂടാതെ എസ്ഐമാരായ കെ.എൽ.സമ്പത്ത്, വിനോദ്, ലിജോ പി.മണി, സിപിഒമാരായ അരുൺ മണി, ചന്ദ്രലേഖ, മൈന എന്നിവരുൾപ്പെട്ട പ്രത്യേക പൊലീസ് സംഘമാണിവരെ  അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 27 ന് രാത്രി 8.30 നു വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിൽ സുകൃത ഫൈനാൻസ് ഉടമ വട്ടവിള ഉതിനിന്ന വിള പുത്തൻ വീട്ടിൽ വി.പി.പത്മകുമാറിന്റെ പക്കൽ നിന്നാണ് ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം പണവും സ്വർണവും അടങ്ങുന്ന ബാഗ് തട്ടിയെടുത്തു കടന്നത്. സംഘം കാറിൽ ഇരുന്നാണ് കവർച്ച ഓപ്പറേറ്റ് ചെയ്തത്. നേരത്തെ പിടിയിലായ പ്രതി നവീനിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിലൂടെ ആണ് വിജീഷ പിടിയിലായത്. വാണിഭ ഇടപാടിലൂടെ പ്രതിദിനം വലിയ വരുമാനം ഇവർക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നവീനിനെതിരെ  പൂജപ്പുര, കാട്ടാക്കട, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ പിടിച്ചുപറി കുറ്റത്തിന് കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.