വീടിന്റെ വാതിൽ തുറക്കാത്തതിൽ പ്രകോപിതനായി ; ജ്യേഷ്ഠൻ കുത്തേറ്റു മരിച്ചു: അനുജൻ അറസ്റ്റിൽ

അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ രാജന്റെയും വസന്തയുടെയും മകൻ രാജു (കുട്ടൻ-42) ആണ് മരിച്ചത് അനുജൻ രാജ (മണിയൻ-32) യെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.സിഐടിയു കഴക്കൂട്ടം യൂണിറ്റിലെ ചുമട്ടു തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു.  രാജ ഓട്ടോ ഡ്രൈവറും. മൃതദേഹം സംസ്കരിച്ചു. അർധരാത്രിയാണ് സംഭവം. മദ്യ ലഹരിയിൽ ആയിരുന്ന രാജ വന്നപ്പോൾ  രാജു കതക് തുറക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നു.

അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി എടുത്ത് രാജ രാജുവിനെ കുത്തിയെന്ന് പൊലീസ് പറഞ്ഞു.  നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീട്ടുമുറ്റത്ത് കുഴഞ്ഞു വീണു. ബഹളം കേട്ട് അടുത്ത വീട്ടിലുള്ളവർ എത്തുമ്പോൾ രാജു ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു . വാക്കേറ്റത്തിനിടയിൽ അബദ്ധം പറ്റിയതാണെന്നു നാട്ടുകാരോട് പറഞ്ഞ രാജ സ്വന്തം ഓട്ടോറിക്ഷയിൽ തന്നെ രാജുവിനെ കഴക്കൂ‌ട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇതിനിടെ  കഴക്കൂട്ടം പൊലീസ് എത്തി രാജയെ കസ്റ്റഡിയിൽ എടുത്തു.

രാജുവിനെ പൊലീസ് മെഡിക്കൽ കോളജിൽ  എത്തിച്ചെങ്കിലും മരിച്ചു. സൗമ്യയാണ് രാജുവിന്റെ ഭാര്യ. രാജ അവിവാഹിതനാണ്. രാജ മദ്യപിച്ചാൽ സ്ഥിരം പ്രശ്നക്കാരനാണെന്നു നാട്ടുകാർ പറഞ്ഞു. സഹോദരങ്ങൾ വർഷങ്ങളായി ഒരു വീട്ടിൽ ആണ് താമസിക്കുന്നതെങ്കിലും മിക്ക ദിവസവും വഴക്കും ബഹളവും ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. വീട്ടിലെ പ്രശ്നങ്ങൾ സഹിക്ക വയ്യാതെ ഇവരുടെ മാതാപിതാക്കൾ സമീപത്തെ വീട്ടിൽ മകൾക്കൊപ്പമാണ് താമസം.