പെരിന്തല്‍മണ്ണയില്‍ തോക്കുകളുമായി മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൂന്നു തോക്കുകളുമായി മൂന്നു പേര്‍ അറസ്റ്റില്‍. ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘമാണ് പിടിയിലായത്. തിരകളടക്കമുളള വസ്തുക്കളും പിടിച്ചെടുത്തു.

ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് നായാട്ട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒരാഴ്ചയായി തുടരുന്ന നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികള്‍ വലയിലായത്. ചെറുകര സ്വദേശികളായ കരിമ്പനക്കല്‍പറമ്പില്‍ അരുണ്‍, പട്ടുക്കുത്ത് സുരേഷ്കുമാര്‍, കാവുംപുറത്ത് റോസ് എന്നിവരാണ് അറസ്റ്റിലായത്. നായാട്ടിന് ഉപയോഗിക്കാനായി വില കൊടുത്ത് വാങ്ങിയ നാടന്‍ തോക്കുകളാണ് പിടിച്ചെടുത്തവ.  

മൂന്ന് തോക്കുകളും വീടുകളില്‍ പല ഭാഗങ്ങളായി വേര്‍പെടുത്തിയാണ് ഒളിപ്പിച്ചു വച്ചിരുന്നത്. പിന്നാലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തിരകളും കണ്ടെടുത്തു. മൂന്നു തോക്കുകള്‍ പിടിച്ചതും മൂന്നു കേസുകളായാണ് റജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ചട്ടിപ്പറമ്പിനടുത്ത് ചേങ്ങോട്ടൂരില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. കാട്ടുപന്നിയെ വെടി വയ്ക്കാനുളള ശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് വെടിയേറ്റുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ജില്ലയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെ പിന്‍തുടര്‍ന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.