
പാലക്കാട് മലമ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ ആക്രമണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൊട്ടേക്കാട് സ്വദേശികളായ അബിന്‍, അജിത് എന്നിവരെയാണ് മലമ്പുഴ പൊലീസ് പിടികൂടിയത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞമാസം ഏഴിന് രാത്രിയിലായിരുന്നു ആക്രമണം. കൊട്ടേക്കാട്ടില്‍ വിവാഹ ആഘോഷത്തിനിടെ ചീട്ടുകളിക്കിടയില്‍ തര്‍ക്കമുണ്ടായി. അബിനും അജിത്തും ഉള്‍പ്പെടുന്ന അക്രമി സംഘം അസഭ്യം പറഞ്ഞ് ബഹളം കൂട്ടി. പിന്നാലെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈയ്യിലെ എല്ലുപൊട്ടി സാരമായി മുറിവേറ്റു. രണ്ടുപേര്‍ക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. തടയാന്‍ ശ്രമിച്ചവരെയും സംഘം മര്‍ദിച്ചു.
ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ പൊലീസില്‍ പരാതി നല്‍കിയതിന് വീണ്ടും ഫോണ്‍ വഴിയും പരുക്കേറ്റവരെ ഭീഷണിപ്പെടുത്തി. ഫോണ്‍വിളി പിന്തുടര്‍ന്നും അബിന്റെയും അജിത്തിന്റെയും സുഹൃത്തുക്കളെ നിരീക്ഷിച്ചുമാണ് കഴിഞ്ഞദിവസം ഇരുവരുടെയും ഒളിത്താവളം കണ്ടെത്തിയത്. അബിന്‍ മലമ്പുഴയിലും പരിസരത്തും നിരവധി ഗുണ്ടാ ആക്രമണത്തില്‍ പങ്കാളിയെന്നാണ് പൊലീസ് പറയുന്നത്. മലമ്പുഴ സി.ഐ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരുവരെയും കുടുക്കിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.