പട്ടാപകല്‍ ജ്വല്ലറിയിൽ കവര്‍ച്ച; സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം അറസ്റ്റില്‍

കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണകടയില്‍ പട്ടാപകല്‍ കവര്‍ച്ച നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം നാലംഗ സംഘം അറസ്റ്റില്‍. പെട്ടെന്ന് പണക്കാരാകാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ മൊഴിനല്‍കി. ഇവരില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. വിഡിയോ കാണാം. 

 കോഴിക്കോട് മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സ്വദേശിയായ സര്‍ഫാസ്, പറമ്പില്‍ ബസാര്‍ സ്വദേശികളായ സുബീഷ്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പ്രണവും സുബീഷും സര്‍ക്കാര്‍ ജീവനക്കാരാണ്. രണ്ടുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവര്‍ മോഷണം നടത്തിയത്. കടയിലെ ജീവനക്കാരന്‍ കൂടിയായ കവര്‍ച്ചാ സംഘത്തിലെ പ്രധാനി സര്‍ഫാസ് കടയുടമയുടെ വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു. കടയുടെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് കടയുടമയെ വിശ്വസിപ്പിച്ച് താക്കോലിന്‍റെ ഡ്യൂപ്ലിക്കേറ്റ് ആദ്യം കരസ്ഥമാക്കി. സിസിടിവി ക്യാമറ എവിടെയൊക്കെ എന്നതിനെക്കുറിച്ചും സര്‍ഫാസിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച പകല്‍ സമയം കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്.

മോഷണസമയത്ത് ഫോണ്‍ ഉപയോഗിക്കാതിരിക്കാനും നാലംഗസംഘം പ്രത്യേകം ശ്രദ്ധിച്ചു. രക്ഷപ്പെടാന്‍ ക്യാമറകള്‍ അധികമില്ലാത്ത വഴിയാണ് പ്രതികള്‍ തിരഞ്ഞെടുത്തത്. സിസിടിവിയുടെ ഡിവിആര്‍ അഴിച്ചെടുത്തതിലെ രീതി വിശകലനം ചെയ്തപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്ന സൂചനകള്‍ ആദ്യമേ ലഭിച്ചു. പിന്നാലെയാണ് സര്‍ഫാസ് വലയിലാകുന്നത്. എന്നാല്‍ സര്‍ഫാസ് ആകട്ടെ സുഹൃത്തുക്കളായ കൂട്ടുപ്രതികളെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണകടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബത്തില്‍ കുടുങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റ് ഓഫിസില്‍ ജോലി ചെയ്യുന്ന സുബീഷിലേയ്ക്ക് എത്തിയത്. സുബീഷിലൂടെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. പ്രണവിന്‍റെ കാര്‍, മോഷണം നടന്ന കടയുടെ മുന്നില്‍ ഏറെ നേരം നിര്‍ത്തിയിട്ടതും അന്വേഷണം എളുപ്പമാക്കി.  പ്രതികളില്‍ നിന്ന് മോഷണം പോയ സ്വര്‍ണവും പൊലിസ് കണ്ടെടുത്തു.