പാസ്‍വേഡ് ചോര്‍ത്തി; രേഖയിലെ വിലാസങ്ങളില്‍ കെട്ടിടങ്ങളില്ല: നമ്പറിടലില്‍ സര്‍വത്ര അഴിമതി

കോഴിക്കോട് കോര്‍പറേഷനില്‍ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി തെളിവുകള്‍. മുന്‍പെങ്ങോ കെട്ടിട അനുമതിക്കായി അപേക്ഷിച്ചവരുടെ പേര് എഴുതിചേര്‍ത്താണ് ബീച്ച് റോഡിലെ അനധികൃത കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതെന്ന് വ്യക്തമായി.   

ഉദ്യോഗസ്ഥരുടെ പാസ് വേര്‍ഡ് ചോര്‍ത്തി അനുമതി നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ പട്ടിക പുറത്തുവന്നു. മേയ് 31നും ജൂണ്‍ ഒന്നിനുമായി നല്‍കിയിരിക്കുന്നത് ആറെണ്ണത്തിന് മദ്രസത്തുല്‍ മുഹമ്മദിയാ സ്കൂള്‍ ട്രസ്റ്റിന്റ പേരിലുള്ളതാണ് ആദ്യത്തേത്. കെട്ടിട നമ്പര്‍ 596 ബി അനുമതി നല്‍കിയിരിക്കുന്നത് ജൂണ്‍ ഒന്നാം തീയതി 10.15ന് റവന്യു ഒാഫീസില്‍ പി വി ശ്രീനിവാസന്റ ലോഗിനില്‍ നിന്ന്. അങ്ങനെയൊരു കെട്ടിടത്തിന് അനുമതി കിട്ടിയിട്ടുണ്ടോയെന്ന് അറിയാന്‍ മുഹമ്മദിയാ സ്കൂള്‍ ട്രസ്റ്റിന്റ ഭാരവാഹികളെ ഞങ്ങള്‍ നേരിട്ടുകണ്ടു. 

അതായത് സ്കൂള്‍ ട്രസ്റ്റിന് 596 B എന്ന നമ്പരില്‍ ഒരു കെട്ടിടമില്ല, അവരുടെ പുതിയ കെട്ടിടത്തിന് നമ്പര്‍ കിട്ടിയിട്ട് എട്ടുമാസം കഴിഞ്ഞു. ജസീറ മൊഹ്സിന്‍, നജ്മുദീന്‍, പി അനില്‍കുമാര്‍, ബാലകൃഷ്ണന്‍, മറ്റൊരു ബാലകൃഷ്ണന്‍ എന്നിവരാണ് കെട്ടിട അനുമതി നേടിയ മറ്റുള്ളവര്‍ ഇവരുടെയും കെട്ടിട നമ്പര്‍ തുടങ്ങുന്നത്  596 ല്‍ തന്നെ. മുഹമ്മദിയാ സ്കൂള്‍ ട്രസ്റ്റിനെപോലെ ഇവരുടെ പേരുകളും വെറുതെ എഴുതി ചേര്‍ത്തതാണന്ന് വ്യക്തം. അതായത് മുന്‍പെങ്ങോ കോര്‍പറേഷനില്‍ അനുമതിക്ക് അപേക്ഷിച്ചവരുടെ പേര് എഴുതിചേര്‍ത്ത് അനുമതി നല്‍കിയിരിക്കുന്നത് കോര്‍പറേഷന്‍ പൊളിക്കാന്‍ പറഞ്ഞ ബീച്ച് റോഡിലെ ഒാജിന്റകത്ത് ഹാഷീം എന്നയാളുടെ കെട്ടിടത്തിലെ ആറ് കടമുറികള്‍ക്കാണ് (വെള്ളക്കെട്ടിടം).ഹാഷിമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദേശത്താണെന്നായിരുന്നു വീട്ടുകാരുടെ മറുപടി.