ബാങ്കിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കി; യുഡിഎഫ് സ്ഥാനാർഥി പിടിയിൽ

തൊടുപുഴ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കിയ യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ 2 പേരെ പൊലീസ് പിടികൂടി. യുഡിഎഫ് പാനലിൽ മത്സരിക്കുന്ന ആർ. ജയൻ, യുഡിഎഫ് പ്രവർത്തകൻ പെരുനിലം ബഷീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ കേരളാ കോൺഗ്രസ് എം പ്രവർത്തകർ വ്യാജ തിരിച്ചറിയിൽ കാർഡുകൾ വിതരണം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ് മുട്ടം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

യു.ഡി.എഫ് പാനലിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. ജയന്റെ വീട് കേന്ദ്രീകരിച്ച് വ്യാജരേഖകൾ നിർമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ തിരിച്ചറിയൽ കാർഡുകളടക്കം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ആസൂത്രിത  നീക്കമാണെന്നും  സി.പി.എം പറഞ്ഞു. തിരഞ്ഞെടുപ്പ് മാറ്റി വക്കണമെന്നു സി.പി.എം.ആവശ്യപ്പെട്ടു.

അതേ സമയം കേരളാ കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ വിതരണം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ മുട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്ഥലത്തുനിന്നും ഏതാനും തിരിച്ചറിയൽ കാർഡുകളും ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് ഈറ്റകുന്നലിന്റെ കാറിൽ നിന്നാണ് കാർഡ് പിടികൂടിയതെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു. കാർഡ് പിടികൂടിയ ഉടൻ മണ്ഡലം പ്രസിഡന്റ് അടക്കം എത്തിവർ ഓടി രക്ഷപ്പെട്ടതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.