മരപ്പണിക്കാരെന്ന വ്യാജേന വീടെടുത്ത് ചന്ദന കച്ചവടം; അറസ്റ്റ്

കൊച്ചി പനമ്പിള്ളി നഗറിൽ മരപ്പണിക്കാരെന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവന്ന സംഘം പിടിയിൽ. സംഘത്തിൽ നിന്ന് മുപ്പത് ലക്ഷത്തോളം വിലവരുന്ന 92 കിലോ ചന്ദനം പിടിച്ചെടുത്തു. വാങ്ങാനെത്തിയ മൂന്നുപേർ ഉൾപ്പടെ അഞ്ചു പേർ അറസ്റ്റിലായി.

ഫോറസ്റ്റ് ഇന്റലിജൻസ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് 30 ലക്ഷം രൂപയിലേറെ വിലവരുന്ന 92 കിലോ ചന്ദനം പിടികൂടിയത്. പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ.ടി. ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്ന്  പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

ചന്ദനം തൂക്കി വിൽക്കുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്.  തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി. സാജൻ, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് സ്വദേശി സിനു തോമസ് എന്നിവരാണ് പിടിയിലായത്. രണ്ടുമാസം മുമ്പാണ് മരപ്പണിക്കാർ എന്ന പേരിൽ ഇവിടെ വീടു വാടകയ്ക്കെടുത്തത്. ഇടുക്കിയിൽ നിന്നു മരങ്ങൾക്കുള്ളിൽ വച്ചു കടത്തിക്കൊണ്ടു വന്നതാണ് ചന്ദനം എന്നാണ് വെളിപ്പെടുത്തൽ. ചന്ദനം വിൽപനയ്ക്കു ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികളെയും ചന്ദനവും കോടനാട് വനം വകുപ്പിന് കൈമാറി.