പള്ളിയിൽ മോഷണം; കള്ളൻ അകത്തുകയറിയത് പൂട്ട് പൊളിച്ച്: ഭീതിയിൽ നാട്ടുകാർ

ഇടുക്കി തോപ്രാംകുടി സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ മോഷണം. പിൻ വാതിലിന്റെ പൂട്ട് പൊളിച്ച് പള്ളിക്ക് അകത്ത് കയറിയാണ് കാണിക്ക വഞ്ചിയിലെ പണം മോഷ്ടിച്ചത്. ഈ മേഖലയില്‍ മോഷണം പതിവാകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

രാവിലെ പള്ളിയിൽ എത്തിയ വിശ്വാസികളാണ് മോഷണ വിവരം അറിയുന്നത്. പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്തുകയറിയത്. തുടര്‍ന്ന് കാണിക്ക വഞ്ചി മോഷ്ടിച്ചു. പണമെടുത്തശേഷം വഞ്ചി സെമിത്തേരിക്കു സമീപം ഉപേക്ഷിച്ചു.  ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം രൂപ ഉണ്ടാകുമെന്ന് അധികൃതർ പറ‍ഞ്ഞു.  

ഈ പ്രദേശത്ത് മോഷണം തുടർക്കഥയായതോടെ ഭീതിയിലാണ് നാട്ടുകാര്‍. ടൗണിലെ പലചരക്ക് കടയിൽ മോഷണം നടന്നത് ഒരു മാസം മുൻപാണ്. തോപ്രാംകുടി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കയറി മേശ തകർത്ത് പണം കവർന്നതും, ഫെഡറൽ ബാങ്കിന്റെ എടിഎം കൗണ്ടർ വാഹനത്തിൽ കെട്ടി വലിച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതും ഏതാനും മാസം മുൻപ്. ഇതിനു പുറമേ സമീപത്തെ വീടുകളിലും, സ്ഥാപനങ്ങളിലും ചെറുതും വലുതുമായ ഒട്ടേറെ മോഷണ ശ്രമങ്ങളാണ് ഒരു വർഷത്തിനിടയിൽ നടന്നത്. എന്നാൽ ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. നൈറ്റ് പട്രോളിങ് അടക്കമുള്ള നടപടികളുമായി മുരിക്കാശേരി പൊലീസ് പ്രദേശത്ത് നിരീക്ഷണം തുടരുമ്പോഴും മോഷണം പതിവാകുന്നുവെന്നാണ് ആക്ഷേപം.