കോടികളുടെ ലഹരിമരുന്ന്; സിംബാബ്‌വെക്കാരിയെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു

കോടികള്‍ വിലവരുന്ന ലഹരിമരുന്നുമായി പിടിയിലായ  സിംബാബ്‌വെക്കാരിയെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. കൊച്ചിയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ലഹരിമരുന്ന് എത്തിക്കുന്നതിനിടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് ഇവര്‍ പിടിയിലായത്. അഞ്ചു പൊതികളിലായി ഉണ്ടായിരുന്ന മൂന്നരക്കിലോ ലഹരിമരുന്ന് പരിശോധിക്കുന്നതിനായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ സിംബാബ്‌വെക്കാരി ഷാരോണ്‍ ചിഗ്‌വാസയാണ് മൂന്നരക്കിലോ ലഹരിമരുന്നുമായി അറസ്റ്റിലായത്. കൊച്ചിയില്‍ നിന്ന് ബംഗളൂരു വഴി ഡല്‍ഹിക്ക് പോകാനായിരുന്നു ശ്രമം. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സുരക്ഷാവിഭാഗമാണ് ഇവരെ പിടികൂടിയത്. വിശദമായ പരിശോധനയില്‍ അഞ്ചു പൊതികളിലായി സൂക്ഷിച്ച ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. ലഹരിമരുന്ന് പരിശോധിക്കാനായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. രാജ്യാന്തര ലഹരിമരുന്ന് കേസിലെ കണ്ണിയാണോ ഇവരെന്ന് സംശയമുണ്ട്. ഇവര്‍ മുമ്പും കൊച്ചി, ബംഗളൂരു, ഡല്‍ഹി യാത്രകള്‍ ചെയ്തതായും വ്യക്തമായിട്ടുണ്ട്. കൊച്ചിയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ലഹരിമരുന്ന് എത്തിച്ചതിന് ശേഷം വിദേശത്ത് നിന്ന് പണം കൈപ്പറ്റുകയായിരുന്നു ലക്ഷ്യമെന്നും വിവരമുണ്ട്. ഇവര്‍ കൊച്ചിയില്‍ ബന്ധപ്പെട്ടിരുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങി.