കഞ്ചാവുമായി കൊലപാതകക്കേസ് പ്രതി പിടിയിൽ

ഒന്നരക്കിലോ കഞ്ചാവുമായി കൊലപാതകക്കേസ് പ്രതി പാലക്കാട് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയില്‍. കൊല്ലം വെളിയം സ്വദേശി വിശ്വനാഥന്‍പിള്ളയാണ് അറസ്റ്റിലായത്. വിജയവാഡയില്‍ നിന്ന് ശേഖരിച്ച കഞ്ചാവ് നാലംഗ സംഘം കൊല്ലത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഒരാള്‍ പിടിയിലായത്. മറ്റുള്ളവര്‍ വഴിയിലിറങ്ങി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. 

ലഹരികടത്തിന്റെ വഴികളും തന്ത്രങ്ങളും വിശ്വനാഥന് നന്നായി അറിയാം. വില്‍പനക്കാര്‍ക്ക് സുരക്ഷിതമായി കഞ്ചാവെത്തിക്കുന്നതിന് സഹായിക്കുന്ന ആളെന്ന നിലയില്‍ പലപ്പോഴും കടത്തുകാര്‍ കൂടെക്കൂട്ടുന്നത് പതിവ്. ഇത്തരത്തില്‍ വിജയവാഡയില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പാലക്കാട് ആര്‍.പി.എഫ് കുറ്റാന്വേഷണ വിഭാഗവും എക്സൈസ് സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 

നാല്‍പ്പത്തി അഞ്ച് കിലോയിലധികം കഞ്ചാവുമായി മറ്റ് മൂന്നുപേര്‍ കൂടെയുണ്ടെന്ന് വിശ്വനാഥന്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വിശ്വനാഥന്‍ പിടിയിലായ വിവരം മനസിലാക്കി കൂടെയുണ്ടായിരുന്നവര്‍ വഴിയില്‍ ഇറങ്ങി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. മറ്റൊരു വാഹനത്തില്‍ തൃശ്ശൂര്‍ വരെ പിന്തുടര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കടത്തുകാരെ കണ്ടെത്താനായില്ല. പേരും മേല്‍വിലാസവുമെല്ലാം ആദ്യഘട്ടത്തില്‍ മാറ്റിപ്പറഞ്ഞ വിശ്വനാഥന്‍ പിന്നീട് കൊലപാതകക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞു. അന്വേഷണത്തില്‍ ലഹരികടത്തിന് നേരത്തെയും പിടിയിലായിട്ടുണ്ടെന്നും തെളിഞ്ഞു.  

ലോക്ഡൗണ്‍ കാലയളവില്‍ കൂടിയ അളവിലാണ് ട്രെയിന്‍ വഴി കടത്തിയ മദ്യം പിടികൂടിയിരുന്നത്. ട്രെയിനുകള്‍ പൂര്‍ണമായും ഓടിത്തുടങ്ങിയില്ലെങ്കിലും ദീര്‍ഘദൂര വണ്ടികളിലെ കടത്ത് സാധ്യത കണക്കിലെടുത്ത് പ്രത്യേക പരിശോധനയാണ് തുടരുന്നത്.