മദ്യലഹരിയില്‍ അക്രമം നടത്തി; കേരള കോൺഗ്രസ് നേതാവ് റിമാൻഡിൽ

കൊല്ലം കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയില്‍ അക്രമം നടത്തിയ കേരള കോൺഗ്രസ് എം നേതാവ് റിമാൻഡില്‍. കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും സ്റ്റേഷനിലെ കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. 

കഴിഞ്ഞദിവസം ക്ലീറ്റസിന്റെ നേതൃത്വത്തിൽ പെട്രോൾ വില വർധനക്കെതിരെ ചിറ്റുമലയില്‍ പ്രതിഷേധിച്ചിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സ്ഥലത്ത് സമരം നടത്തിയതിന് ക്ലീറ്റസ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഇതിന് പിന്നില്‍ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ഗംഗാധരൻ തമ്പി ആണെന്നായിരുന്നു ക്ളീറ്റസിന്റെ ആക്ഷേപം. 

ഗംഗാധരന്‍ തമ്പിയുടെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും കാറ് കുറുകെ ഇട്ടു വഴി തടസ്സപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് കിഴക്കേകല്ലട പൊലീസ് എത്തി ക്ളീറ്റസിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് പ്രതി സ്റ്റേഷനിലും പ്രശ്നമുണ്ടാക്കിയത്. സിഐയുടെ റൂമിലെ രണ്ട് കസേരകളും ലൈറ്റും അടിച്ചുതകർത്തു. പ്രതി മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.

പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ക്ലീറ്റസ് സിപിഐ വിട്ട് കേരള കോൺഗ്രസ് എമ്മില്‍ എത്തിയാളാണ്.