തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട; രണ്ടു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. ആക്കുളത്ത് പാഴ്സല്‍ ലോറിയില്‍ കടത്തിയ 250 കിലോ കഞ്ചാവ് എക്ൈസസ് പിടിച്ചെടുത്തു. രണ്ടുദിവസത്തിനിടെ എഴുനൂറ് കിലോയോളം കഞ്ചാവാണ് തലസ്ഥാനാത്തുനിന്ന് പിടികൂടിയത്. 

ഒന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവാണ് ആക്കുളത്ത് നിന്ന് പിടികൂടിയത്.  ലോറിയിലുണ്ടായിരുന്ന അരീക്കോട് സ്വദേശി അജിനാസ്, തൊടുപുഴ സ്വദേശി ബനാഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പാഴ്സല്‍ സാധനങ്ങളുടെ ഇടയില്‍ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസവും തിരുവനന്തപുരത്തുനിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. 

തച്ചോട്ടുകാവില്‍ കാറില്‍ നിന്ന് നാനൂറ് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

തിരുമല സ്വദേശി ഹരികൃഷ്ണന്‍, വള്ളക്കടവ് സ്വദേശി അഷ്കര്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവരില്‍ നിന്നുള്ള വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് സംഘവും ബംഗളൂരുവില്‍ നിന്ന് ഒരേസമയത്താണ് കഞ്ചാവുമായി തിരിച്ചതെന്നും എക്സൈസ് സംഘം അറിയിച്ചു

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്‍റെ പശ്ചാത്തത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനിടെയാണ് ഇത്തരത്തില്‍ വലിയ തോതിലുള്ള കഞ്ചാവ് കടത്ത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപകമായ പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് എക്സൈസ്.