ഹോസ്റ്റലില്‍ മുള്ളന്‍ പന്നിയെയും കഞ്ചാവ് ചെടിയും; മാനേജര്‍ക്കെതിരെ കേസ്

മറയൂരില്‍ കാന്തല്ലൂരിലെ ഹോസ്റ്റലില്‍ നിന്നും കെണി വെച്ച് പിടികൂടിയ മുള്ളന്‍ പന്നിയെയും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും കണ്ടെത്തി. ഫോറസ്റ്റും എക്‌സൈസും മാനേജര്‍ക്കെതിരെ കേസെടുത്തു.‌

മറയൂര്‍ കാന്തല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് ബ്രദേഴ്‌സ് ഹോസ്റ്റലിന്റെ പരിസരത്ത്   കെണിവെച്ച് പിടികൂടിയ മുള്ളന്‍ പന്നിയെയും മുറ്റത്ത് നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടിയുമാണ്  കണ്ടെത്തിയത്. കേസില്‍  മാനേജര്‍ സഹായരാജ്നെതിരെ ഫോറസ്റ്റും എക്‌സൈസും കേസെടുത്തു. വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നായിരുന്നു പരിശോധന.   മുള്ളന്‍ പന്നിയെ പിടികൂയ കേസില്‍ പ്രതി സഹായരാജിനെ വനംവകുപ്പ് പിടികൂടി ദേവികുളം കോടതിയില്‍ ഹാജരാക്കി. കഞ്ചാവ് ചെടിയുമായി ബന്ധപ്പെട്ട കേസ് എക്‌സൈസിന് കൈമാറി. ഇവിടെ  കഞ്ചാവ് വളര്‍ത്തലും വന്യമൃഗ വേട്ടയും   സ്ഥിരമായിരുന്നുവെന്ന് വനപാലകര്‍ പറയുന്നു

വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ബ്രദേഴ്‌സ് ഹോസ്റ്റല്‍ വളപ്പില്‍ മൃഗങ്ങളെ പിടികൂടുന്നതായി വനപാലകര്‍ക്ക് മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് മുള്ളന്‍ പന്നിയെ പിടികൂടിയ വിവരം  അറിഞ്ഞത്.  കഞ്ചാവ് ചെടി കണ്ടെത്തിയതിന് സമീപം വേറെയും കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി വെട്ടിമാറ്റിയിരുന്ന തടങ്ങള്‍ കണ്ടെത്തി.