കണ്ടാൽ ഓട്ടോ ഡ്രൈവർമാർ ആണെന്നു തോന്നും; പക്ഷേ രാത്രിയിൽ പണി വേറെ

തിരുവല്ല: ഓട്ടോറിക്ഷാ ഡ്രൈവർമാരെന്ന രീതിയിൽ രാത്രിയിൽ മോഷണം നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ. കുറ്റപ്പുഴ ആമല്ലൂർ പുതുച്ചിറ സുനിൽ കുമാർ (42), കവിയൂർ തോട്ടഭാഗം താഴത്തെ ഇടശ്ശേരിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. ഓട്ടോയുമായി രാത്രി സ്റ്റാൻഡിൽ കിടക്കുകയും ആളില്ലാത്ത വീടുകളും സ്ഥലങ്ങളും കണ്ടെത്തി മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു.

ഞായർ രാത്രി തോട്ടഭാഗം ഞാലിക്കണ്ടം റോഡിനു സമീപത്ത് നിർമാണം നടക്കുന്ന വീട്ടിൽനിന്ന് ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച് ഓട്ടോയിലാക്കി കടത്തുന്നതിനിടയിലാണ് പിടിയിലായത്. വാടകയ്ക്ക് എടുക്കുന്ന ഓട്ടോയാണ് മോഷണത്തിനായി ഉപയോഗിക്കുന്നത്. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒട്ടേറെ മോഷണങ്ങൾ തെളിഞ്ഞതായി ഡിവൈഎസ്പി ടി. രാജപ്പൻ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങും. എസ്എച്ച്ഒ പി.എസ്.വിനോദ്, ഇൻസ്പെക്ടർമാരായ എ. അനീസ്, കെ. ഗോപാലകൃഷ്ണൻ, എസ്‌സിപിഒ പ്രദീപ് നായർ, സിപിഒ മനോജ് കുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.