പട്ടം പറത്തുന്നതിനിടെ ചാണകക്കുഴിയിൽ വീണു; 10 വയസുകാരന് ദാരുണാന്ത്യം; കണ്ണീർ

പട്ടം പറത്തി കളിക്കുന്നതിനിടെ വലിയ ചാണകക്കുഴിയിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലിയിൽ നിന്നാണ് ഈ ദുരന്തവാർത്ത. പട്ടം പറത്തി കളിക്കുന്നതിനിടെ കുട്ടി ചാണക്കുഴിയിലേക്ക് വീഴുകയായിരുന്നു. മകര സംക്രാന്തി ദിനത്തിൽ പട്ടം പറത്തൽ ഇവിടെ പ്രധാന ചടങ്ങാണ്. ഇതിന്റെ ഭാഗമായി പങ്കെടുക്കുമ്പോഴായിരുന്നു അപകടം.

അ‍ഞ്ചാംക്ലാസ് വിദ്യാർഥിയായ ദുർവേഷ് ജാദവ് മാതാപിതാക്കളുടെ ഏകമകനാണ്. ചരട് പൊട്ടിയ പട്ടം സമീപത്തെ ഭീമൻ ചാണക്കുഴിയുടെ മുകളിലാണ് ചെന്നുവീണത്. ഇതറിയാതെ കുട്ടി ചാണക്കുഴിയുടെ മുകളിലേക്ക് കാലെടുത്ത് വച്ചതും താണുപോവുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപത്തെ തൊഴിലാളികൾ ഓടിയെത്തിയെങ്കിലും ആർക്കും രക്ഷിക്കാനായില്ല. നല്ല താഴ്ചയിലുള്ള ചാണക്കുഴിയിൽ ഇറങ്ങാൻ അവരും മടിച്ചു. 

പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചു. ഇത്ര ആഴത്തിലുള്ള ചാണകക്കുഴി തുറന്നിട്ടതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.