
പെട്ടന്ന് പണം സമ്പാദിക്കാന്‍ കഞ്ചാവ് വില്‍പന പതിവാക്കിയ യുവാവ് അറസ്റ്റില്‍. നാല്‍പ്പത്തി നാലരക്കിലോ കഞ്ചാവുമായി കോഴിക്കോട് പതിമംഗലം സ്വദേശി നിസാമിനെയാണ് പൊലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. പരിശോധന സാധ്യത കുറയ്ക്കാന്‍ ആഢംബര കാറുകളിലായിരുന്നു നഗരത്തില്‍ കഞ്ചാവെത്തിച്ചിരുന്നത്.
എട്ട് വര്‍ഷത്തിലധികം വിദേശത്ത് മികച്ച ജോലിയുണ്ടായിരുന്ന നിസാം പത്ത് മാസം മുന്‍പാണ് നാട്ടില്‍ തിരികെയെത്തിയത്. കോവിഡ് പ്രതിസന്ധി കാരണം മടക്കം മുടങ്ങിയപ്പോള്‍ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വഴി തേടുകയായിരുന്നു. പത്തിരട്ടി ലാഭം നേടാനാകുന്ന കഞ്ചാവ് വില്‍പനയിലേക്ക് ശ്രദ്ധയെത്തി. പിടിക്കപ്പെടില്ലെന്ന് ബോധ്യമായതോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പന
ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം നിലയില്‍ വിപുലീകരിച്ചു. ബെംഗലൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മല്‍സ്യവും തുണിയും കച്ചവടം നടത്തിയ മുന്‍പരിചയവും മുതല്‍ക്കൂട്ടാക്കി. പരിചയക്കാര്‍ മുഖേന മൈസൂരില്‍ നിന്ന് കുന്ദമംഗലത്തെ രഹസ്യകേന്ദ്രത്തിലേക്ക് ചരക്ക് വാഹനത്തില്‍ കഞ്ചാവെത്തിക്കും. അരക്കിലോയില്‍ തുടങ്ങി പത്ത് കിലോ വരെ പതിവ് ഇടപാടുകാര്‍ക്ക് നിസാം ആഢംബര വാഹനത്തില്‍ നേരിട്ടെത്തിക്കും. കുന്ദമംഗലത്ത് തുടങ്ങി കോഴിക്കോട് നഗരത്തിനുള്ളില്‍ മാത്രമാണ് വില്‍പന. പരിശോധനയുടെ സാധ്യത കുറയ്ക്കാനാണ് ആഢംബര വാഹനങ്ങളില്‍ കഞ്ചാവ് കടത്തിയിരുന്നതെന്നും നിസാം മൊഴി നല്‍കിയിട്ടുണ്ട്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് നിസാമിനെ ഒന്നര മാസത്തിലധികമായി ഡന്‍സാഫ് അംഗങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പ് നിസാമുമായി പതിവ് ഇടപാടുള്ളയാളെ പൊലീസ് തിരിച്ചറിഞ്ഞു. മൊത്തവില്‍പനക്കാരനെ പിടികൂടാനായി ഇയാളെ പിന്തുടര്‍ന്നു. പൊലീസ് പിടിയിലായെന്ന വിവരം മനസിലാക്കാതെ കഞ്ചാവിനായി നിസാമിനെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്ന യുവാവിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.