
കുന്നംകുളത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ രണ്ടുകിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കഞ്ചാവു വിതരണ ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു വാഹന പരിശോധന. ബൈക്കില്‍ എത്തിയ രണ്ടു പേരെ പൊലീസ് കൈ കാണിച്ചു. എന്നിട്ടും വണ്ടി നിര്‍ത്തിയില്ല. പൊലീസ് ഇവരെ പിന്‍തുടര്‍ന്ന് കയ്യോടെ പിടികൂടി. ബൈക്ക് പരിശോധിച്ചപ്പോള്‍ രണ്ടു കിലോ കഞ്ചാവ് കണ്ടെത്തി. വടക്കേക്കാട് സ്വദേശികളായ പതിനെട്ടുകാരന്‍ അനസും പത്തൊന്‍പതുകാരന്‍ സെനഗലുമാണ് പിടിയിലായത്.
ഇതരസംസ്ഥാനത്തു നിന്ന് കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പൊലീസ് പറഞ്ഞു. ചെറിയ പൊതികളിലാക്കിയായിരുന്നു വില്‍പന. ഒരു പൊതിയ്ക്കു അഞ്ഞൂറു രൂപയെന്ന നിരക്കിലാണ് വില്‍പന. കൂടുതലും കൗമാരക്കാരാണ് കഞ്ചാവ് വാങ്ങുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ ഫോണ്‍ നമ്പറുകള്‍ ഇവരുടെ പക്കല്‍ നിന്ന് കിട്ടി. ഇവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. കുന്നംകുളം സി.ഐ: കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.