
തമിഴ്നാട് തൂത്തുക്കുടിക്കു സമീപം കടലില്‍ വച്ച് അഞ്ഞൂറ് കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസില്‍ രാജ്യാന്തര തീവ്രവാദ, ലഹരിമരുന്ന് കടത്തു സംഘങ്ങള്‍ക്ക് പങ്കെന്നു സൂചന. കേസിന്റെ അന്വേഷണം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഏറ്റെടുത്തു. അറസ്റ്റിലായ ആറു പേരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വൈകീട്ടു കന്യാകുമാരിയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു കോസ്റ്റ് ഗാര്‍ഡാണു ശ്രീലങ്കന്‍ ബോട്ടിനെ കസ്റ്റഡിയിലെടുത്തത്. 100 കിലോ ഹെറോയിന്‍, മൂന്നുകിലോ ക്രിസ്റ്റല്‍ മെത്തലിന്‍, അഞ്ചു കൈതോക്കുകള്‍,സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ബോട്ടിന്റെ ഡീസല്‍ ടാങ്കിനോടു ചേര്‍ന്നു നിര്‍മ്മിച്ച രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അഞ്ഞൂറു കോടി രൂപയാണ് പിടിച്ചെടുത്ത ഹെറോയിനു രാജ്യാന്തര വിപണയിലെ വില. മെത്തലിനും കോടികള്‍ കണക്കാക്കുന്നു.
ഇത്രയും വലിയ അളവില്‍ ലഹരി കടത്തുന്നതു പല രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന സംഘമാണെന്നാണു സൂചന. പിടിയിലായവര്‍ക്കു ലഹരി വാങ്ങാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ കഴിയില്ലെന്നും കണ്ടെത്തി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘങ്ങള്‍ക്കു കടത്തില്‍ പങ്കുണ്ടെന്നാണു അന്വേഷണ ഏജന്‍സികളുടെ സംശയം. കറാച്ചിയിലെ ഡോണാണു ലഹരിമരുന്ന് മെഡിറ്ററേനിയല്‍ കടലില്‍ എത്തിച്ചുകൈമാറിയതെന്നാണു പിടിയിലായവരുടെ മൊഴി.
ഓസ്ട്രേലിയയിലേക്കു കടത്തുന്നതിനിടെ ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായി. തുടര്‍ന്ന് കാറ്റില്‍ പെട്ടാണു ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എത്തിയതെന്നും സംഘം മൊഴി നല്‍കി. സാന്തമാനുവല്‍, സൂര്യ ജീവന്‍, സമീര്‍, ജീവന്‍ പ്രസന്ന, നിശാന്ത് ഗാമകെ, ലക്ഷമണകുമാര്‍ എന്നീ ശ്രീലങ്കന്‍ പൗരന്‍മാരാണു അറസ്റ്റിലായത്. ശ്രീലങ്കയിലെ നെഗോബയില്‍ നിന്നു വാടകയ്ക്കെടുത്ത ബോട്ടാണു പിടിയിലായതെന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത ലഹരി വസ്തുക്കളും ആയുധങ്ങളും പാക്കിസ്ഥാന്‍ നിര്‍മ്മിതമാണ്. പാക്ക് ബന്ധം സ്ഥിരീകരിച്ചതോടെ വിശദമായ അന്വേഷണം നടത്താനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ലഹരിയുടെ ഉറവിടം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കപ്പലുകളും ആളില്ലാ വിമാനങ്ങളും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ കടലില്‍ നിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡ് നിയോഗിച്ചു.