കൊല്ലുമെന്ന് ഭീഷണി; പൊലീസ് സംരക്ഷണം നൽകുന്നില്ല; സമരം ചെയ്യുമെന്ന് ബിന്ദു അമ്മിണി

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നതായി സ്ത്രീപ്രവേശ വിവാദത്തിനിടെ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. വധഭീഷണിയുള്‍പ്പെടെ തുടരുമ്പോഴും സുരക്ഷ നല്‍കണമെന്ന സുപ്രീം കോടതി വിധി പൊലീസ് നടപ്പാക്കുന്നില്ല. നടപടി വൈകിയാല്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി കോഴിക്കോട് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെയും ഫോണ്‍ വിളിച്ചും കൊല്ലുമെന്നാണ് മുന്നറിയിപ്പ്. അശ്ശീല വിഡിയോ നിര്‍മിച്ച് ബിന്ദു അമ്മിണിയെന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുകയാണ്. ഇത് നീക്കം ചെയ്യാനായിട്ടില്ല. പലരും ബോധപൂര്‍വം ഉപദ്രവിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും മൊബൈല്‍ നമ്പരും കൊയിലാണ്ടി പൊലീസിന് കൈമാറിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് പകരം അന്വേഷണത്തിനായി തന്റെ കൈയ്യിലുള്ള മൊബൈല്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. വിവിധയിടങ്ങളിലായി തനിക്കെതിരെയുണ്ടായ ആക്രമണങ്ങളിലും അന്വേഷണം ഇഴയുകയാണ്. സുരക്ഷ നല്‍കാനുള്ള കോടതി നിര്‍ദേശം പാലിക്കാനും പൊലീസിനായിട്ടില്ല. നീതി കിട്ടുമോയെന്നറിയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.   

ശബരിമല ദര്‍ശനം നടത്തിയതിന് ശേഷമാണ് തനിക്കും കുടുംബത്തിനും നേരെ ഇത്തരത്തില്‍ ആസൂത്രിത ആക്രമണമുണ്ടായത്. എന്നാല്‍ അന്നത്തെ തീരുമാനത്തില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല. മൂന്ന് തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുള്ളതിനാല്‍ ഇനി യാത്ര ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.