കനകദുർഗ യഥാർഥ ഭക്തയോ? മല കയറിയത് സർക്കാരിനെ കെണിയിലാക്കാനോ: ആരിഫ്

ശബരിമലയിലെ യുവതീപ്രവേശനവും അതിന് പിന്നാലെ ഉണ്ടായ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വമ്പൻ പരാജയവും ഇപ്പോഴും സജീവ ചർച്ചയാണ്. യുവതീ പ്രവേശനം തടയാൻ എൻ.കെ.പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിന്റെ ഭാവിയും വരും ദിവസങ്ങളിൽ വഴിത്തിരിവാകും. ഇക്കൂട്ടത്തിൽ എല്ലാവരും കാത്തിരിക്കുന്നത് ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട് അറിയാനാണ്. കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എംപി എ.എം.ആരിഫിന്റെ ഇതുസംബന്ധിച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ്ഗയെ പോലുള്ള യുവതി യഥാർഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നു എന്നാണ് ആരിഫ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘കനക ദുർഗ്ഗയെ പോലുള്ള യുവതി യഥാർത്ഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം ശാന്തി, സമാധാനം, മാനസികമായ പിരിമുറുക്കങ്ങൾ എന്നിവ ഇല്ലാതെ സമ്പൂർണ്ണമായി മനസ്സും ദൈവത്തിൽ സമർപ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസ സമാധാനത്തോടുകൂടി ആണ് ഒരു ഭക്ത ആരാധനാലയങ്ങളിൽ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ് ഗീതയിൽ അനുശാസിക്കുന്നു. സംഘർഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘർഷം നിറഞ്ഞ മനസുമായി പോയത് സർക്കാരിനെ കെണിയിൽ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നു. അത്തരത്തിൽ കയറിയ ആളുകളുടെ പാപഭാരം മുഴുവൻ സംസ്ഥാന സർക്കാരിന്റേയും പാർട്ടിയുടേയും തലയിൽ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ്, സർക്കാരിന് ഒരു പങ്കുമില്ലാത്ത കാര്യത്തിൽ ആര്‍എസ്എസും കോൺഗ്രസ്സും, നടത്തിയത്. അവിടെ തടസ്സങ്ങൾ ഇല്ലാത്തതു കൊണ്ട് അവർ അവിടെ കയറി പോയി.ഒരു പക്ഷെ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ചവർ പോലും ആ ദിവസം തടസ്സപെടുത്താൻ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അവിടെ,അയ്യപ്പപ്രതിഷ്ഠക്ക് മുമ്പിൽ ആചാരം ലംഘിച്ചു നിന്ന, തില്ലങ്കേരിയെ പോലുള്ളവർ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതിൽ നിഗൂഢത ഉണ്ടോയെന്ന് സംശയം തോന്നിയിരുന്നു.’– ആരിഫ് കുറിച്ചു.

ഇതിന് പിന്നാലെ ആരിഫിനെ വിമർശിച്ചും അനുകൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. ഒരാളുടെ ഭക്തി എങ്ങനെയാണ് അളക്കുന്നതെന്ന ചോദ്യവും ഇക്കൂട്ടത്തിലുണ്ട്. പ്രേമചന്ദ്രന്റെ ബില്ലിൽ ബിജെപി സർക്കാർ ആദ്യം നയം വ്യക്തമാക്കട്ടെ. എന്നിട്ടേ മറ്റ് അംഗങ്ങൾ അഭിപ്രായം പറയേണ്ട സാഹചര്യമുള്ളൂ എന്ന് പറഞ്ഞാണ് ആരിഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശബരിമല വിഷയത്തിൽ തന്റേതെന്ന രൂപത്തിൽ മനോരമ ന്യൂസിന്റെ ഓൺലൈനിൽ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും ആരിഫ് കുറിപ്പില്‍ ആരോപിക്കുന്നു.