നെട്ടൂര്‍ ഫഹദ് വധം: യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി നെട്ടൂര്‍ ഫഹദ് വധക്കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ജോമോന്റെ കാമുകി അനില മാത്യു, അതുല്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെയെണ്ണം പതിനാറായി. 

വടകര സ്വദേശി അനില മാത്യുവും പനങ്ങാട് സ്വദേശി അതുലുമാണ് ഏറ്റവും ഒടുവില്‍ പൊലീസിന്‍റെ  പിടിയിലായത്. നെട്ടൂരില്‍ വെച്ച് ഫഹദിനെ കുത്തിയ ഉടനെ പ്രധാനപ്രതികള്‍  ബൈക്കില്‍ രക്ഷപെട്ടത് കളമശേരിയിലേക്കാണ്. അവിടെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചത് അനിലയാണെന്നും പൊലീസ് പറയുന്നു. ഫഹദിനെ കുത്തിയ കത്തി അനിലയുടെ സ്കൂട്ടറില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേ സ്കൂട്ടറില്‍ നിന്ന്  ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപെട്ട ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെടുത്തത്.

കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ അനിലയുടെ മുറിയില്‍ ഒത്തുചേര്‍ന്നതിന്റെ സിസിടിവി ദൃശ്യങ്ങളും  പൊലീസിന് ലഭിച്ചു. കേസില്‍ ഇനിയും പിടികൂടാനുള്ള പ്രതി ശ്രുതിയുമായി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ വിളിച്ചത് അനിലയുടെ ഫോണില്‍ നിന്നാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതടക്കമുള്ള കുറ്റങ്ങളാണ് അനിലക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു അതുല്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പന്ത്രണ്ട് പേരും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരുമടക്കം പതിന്നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ മാസം 12നാണ് പോളിടെക്നിക് വിദ്യാര്‍ഥിയായ ഫഹദ് കൊല്ലപ്പെട്ടത്. കഞ്ചാവ് വില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെഞ്ചിലും കൈയ്യിലും കുത്തേറ്റ ഫഹദ് ചോരവാര്‍ന്നാണ് മരിച്ചത്.