അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളിയില്‍ അതിഥി തൊഴിലാളി മരിച്ചതില്‍ സഹോദരന്‍ അറസ്റ്റില്‍. സഹോദരിയെ അസ്വഭാവിക സാഹചര്യത്തില്‍ മറ്റൊരാളോടൊപ്പം കണ്ടതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.

പശ്ചിമബംഗാളില്‍ നിന്നുള്ള അഞ്ജലിയെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സന്തോഷിന്റെ  പരാതിയില്‍ അസ്വഭാവിക മരണത്തിന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിക്ക് മര്‍ദനമേറ്റതായി കണ്ടെത്തി. തുടര്‍ന്ന് ഇവരോടൊപ്പം ഇഷ്ട്ടിക കളത്തില്‍ ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സഹോദരന്‍ ഷിബു ലോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി അഞ്ജലി ഭര്‍ത്താവിനും സഹോദരനും സുഹൃത്തുക്കള്‍ക്കും ഒപ്പമിരുന്നു മദ്യപിച്ചു. ഇതിന് ശേഷം ഉറങ്ങാനെന്ന് പറഞ്ഞു പോയ യുവതിയെ സുഹൃത്തിന്റെ മുറിയില്‍ കണ്ടു. പ്രകോപതിനായ ഷിബു ലോഹര്‍ സഹോദരിയെ മര്‍ദിച്ചു.ഇതാണ് മരണകാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.