ലഹരികടത്ത്; കൊല്ലത്ത് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് എക്സൈസ്

ഓണം ലക്ഷ്യമിട്ട് കൊല്ലം ജില്ലയിലേക്ക് ലഹരി വസ്തുക്കള്‍ കടത്തിയേക്കാമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. കോവിഡിനെ തുടര്‍ന്ന് ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന നടത്തുന്നതിനുള്ള പരിമിതികള്‍ ലഹരിമാഫിയ സംഘങ്ങള്‍ മുതലാക്കുന്നു. നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തുന്നവരെയും വില്‍ക്കുന്നവരെയും പിടികൂടാന്‍ എക്സൈസ് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മുതല്‍ ഗുളിക രൂപത്തിലുള്ള വീര്യമേറിയ ലഹരി വസ്തുകള്‍ വരെ ചെക്ക്പോസ്റ്റുകള്‍ കടന്ന് ജില്ലയിലെത്തുന്നുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. കണ്ടെയ്ൻമെന്റ് സോണുകളിലും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും വാറ്റ് വര്‍ധിച്ചിട്ടുണ്ട്. മാഹി, ഗോവ എന്നിവിടങ്ങളിൽ നിന്നു സ്പിരിറ്റും വിദേശമദ്യവും ജല  മാര്‍ഗം ജില്ലയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. ഓണ സമയത്ത് സ്പിരിറ്റി, ലഹരിമരുന്നുകൾ തുടങ്ങിയവ കള്ളിൽ ചേർത്തു വിൽക്കാനിടയുണ്ടെന്നും എക്സൈസ് മുന്നറിയിപ്പ് നല്‍കുന്നു.

പ്രത്യേക സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ടു ഇടങ്ങളില്‍ നിന്നായി ആറര കിലോ കഞ്ചാവ് പിടികൂടി. മുന്നൂ പേരെ അറസ്റ്റു ചെയ്തു. കൊട്ടിയത്ത് നിന്നാണ് പോളയത്തോട് സ്വദേശി വിഷ്ണുവിനെയും മാടന്നടിയില്‍ നിന്നുള്ള ഉമേഷിനെയും പിടികൂടിയത്. ഇവരുെട പക്കല്‍ നിന്നു അഞ്ചു കിലോ കഞ്ചാവ് കണ്ടെടുത്തു. ഒന്നര കിലോ കഞ്ചാവുമായി ഇളമാട് സ്വദേശി ചന്ദ്രബോസിനെ കടയ്ക്കലില്‍ നിന്നും അറസ്റ്റു ചെയ്തു. പരിശോധന സെപ്റ്റംബര്‍ ആദ്യ ആഴ്ച്ച വരെ തുടരും.