ഉത്രയുടെ മരണം; ഒരു ചോദ്യത്തിന് ഉത്തരമില്ല; പ്രതീക്ഷ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍

കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസില്‍ പ്രതി സൂരജ് അറസ്റ്റിലായെങ്കിലും ഒരു ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ല.  

ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ് . റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല

തെളിെവടുപ്പിനിടെ നാടകീയ രംഗങ്ങള്‍

സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചു. സൂരജ് പാമ്പിനെ കൊണ്ടുവന്ന കുപ്പി വീടിന് സമീപത്തെ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വൈകാരികരംഗങ്ങളായിരുന്നു വീട്ടില്‍.  മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ അലമുറയിട്ടു. 

ഇതിനിടെ ഉത്രയുടെ ഒന്നരവയസുള്ള മകനെ സൂരജിന്‍റെ വീട്ടുകാരില്‍നിന്ന്  വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ടു. ക്രിമിനല്‍ സ്വഭാവമുള്ള സൂരജിന്‍റെ കുടുംബത്തോടൊപ്പം അവന്‍ വളരുന്നതില്‍ ആശങ്കയുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. ഉത്രയുടെ മരണശേഷം ഉത്രയുടെ കുടുംബത്തോടൊപ്പമായിരുന്നു കുട്ടി. ശിശുക്ഷേമസമിതിയുടെ ഉത്തരവുമായെത്തിയാണ് സൂരജ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്

അതേസമയം, ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത് പ്രതി സൂരജ് നിഷേധിച്ചു. ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി കൃത്യം നിഷേധിച്ചത്.