ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര; രശ്മി നായര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു

ഓപ്പറേഷന്‍ ബിഗ്ഡാഡി കേസിലെ പ്രതികളായ രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ കൊല്ലം പത്തനാപുരം പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് കേസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്  ഭീതി പരത്തുന്നതില്‍ നിന്നു ആര്യോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പിന്‍മാറണമെന്ന് രശ്മി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

രശ്മിനായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും പത്താപുരത്ത് വെച്ച് ആരോഗ്യ പ്രവര്‍ത്തകരുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്ന് പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചു. കൊല്ലം റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ റിപ്പോര്‍ട്ട് തേടി. തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 

എറണാകുളം ജില്ലയില്‍ നിന്നു എത്തിയ രശ്മി നായരും രാഹുല്‍ പശുപാലനും ക്വാറന്റിന്‍ ലംഘിച്ച് യാത്ര ചെയ്തെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് രശ്മി പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്നും രശ്മി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.