യുവതിക്ക് കോവിഡാണെന്ന് വ്യാജപ്രചാരണം; അയൽക്കാരൻ അറസ്റ്റിൽ

വിദേശത്ത് നിന്നെത്തിയ യുവതിക്ക് കോവിഡാണെന്ന് വ്യാജപ്രചാരണം നടത്തിയ അയൽക്കാരൻ അറസ്റ്റിൽ. ചണ്ഡീഗഢിലാണ് സംഭവം. യുവതിയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. 

ലണ്ടനിൽ വിദ്യാർഥിയായ ഇരുപത്തിരണ്ടുകാരി മാർച്ച് പതിനെട്ടിനാണ് കോവിഡ് ഭീതിയിൽ നാട്ടിൽ തിരികെയെത്തിയത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പതിന്നാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും വീടിന് പുറത്തിറങ്ങിയില്ല. ഇതിനിടെയാണ് യുവതിക്ക് കോവിഡുണ്ടെന്നും ഈ വിവരം ആരോഗ്യപ്രവർത്തകരിൽ നിന്ന് മറച്ചുവച്ച് ഇവർ വീട്ടിൽ തുടരുകയാണെന്നുമുള്ള സന്ദേശങ്ങൾ വാട്ട്സാപ്പിലൂടെ പ്രചരിച്ചത്. 

സത്യാവസ്ഥ അന്വേഷിക്കാൻ പൊലീസെത്തിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് യുവതിയുടെ മുത്തച്ഛൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വാട്ട്സാപ്പ് സന്ദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽക്കാരൻ അറസ്റ്റിലായത്. യുവതിയുടെ കുടുംബവുമായി വർഷങ്ങളായി പല പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് വ്യാജ പ്രചാരണം നടത്തിയതെന്നും ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. സൂറത്തിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്നതിൻ്റെ പേരിൽ ഡോക്ടറെ അയൽവാസി മർദിച്ചത് വിവാദമായിരുന്നു.