സ്റ്റാച്യു ഓഫ് യൂണിറ്റി 30,000 കോടിക്ക് വിൽപ്പനയ്ക്ക്; കോവിഡ് കാലത്ത് പരസ്യം

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കെ വ്യത്യസ്തമായ ഒരു വിൽപ്പന പരസ്യം ഓ എൽ എക്സിൽ പ്രത്യക്ഷപ്പെട്ടു.  ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി ആണ് മുപ്പതിനായിരം കോടി രൂപയ്ക്ക് ഒരാൾ ഓ എൽ എക്സിൽ ഇട്ടത്.  സംഭവത്തിൽ എന്തായാലും പോലീസ് കേസെടുത്തു ഇരിക്കുകയാണ്. 

കോവിഡ് വ്യാപനത്തെ തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ലോകം മുഴുവനും. ഒപ്പം നമ്മുടെ രാജ്യവും.  പ്രതിസന്ധി നേരിടാൻ ഉള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇതിനിടയിലാണ് ഇത്തരം ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്.  ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ആണ് ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വെച്ചത്.  30000 കോടി രൂപയ്ക്ക് വില്പനയ്ക്ക് എന്നായിരുന്നു പരസ്യം.  കോവിഡ്  നേരിടുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ അടക്കം വാങ്ങുന്നതിനു വേണ്ടിയാണ് വിൽപന എന്നാണ് പരസ്യത്തിൽ  സൂചിപ്പിച്ചിരിക്കുന്നത്.  വെരിഫിക്കേഷൻ ഇല്ലാതെയാണ് ഈ പരസ്യം വന്നിട്ടുള്ളത്.  

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നർമ്മദ  ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുകയാണ്.  പരാതി ലഭിച്ചതോടെ പോലീസ് കേസെടുക്കുകയും ചെയ്തു.  എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടപടി സ്വീകരിക്കുമെന്നും കെവാദിയ പോലീസ് അറിയിച്ചു.  ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്  ആദരസൂചകമായാണ് സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥാപിച്ചത്.  ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന നിലയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു  ഈ ശിൽപം. എന്തായാലും ഇതിന് പുറകിൽ ഉള്ള ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.