വൃദ്ധൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിൽ മുറിവുകൾ; ദുരൂഹത

തിരുവല്ല പെരിങ്ങരയില്‍ വൃദ്ധനെ വീ‌ടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴുവേലില്‍ ചന്ദ്രശേഖരന്‍പിള്ളയാണ് മരിച്ചത്. ദുരൂഹത നിഴലിക്കുന്ന മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

ഇന്ന് പുലര്‍ച്ചെയാണ് വാഴുവേലില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയെ വീടിനോടുചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കയറില്‍ കഴുത്തുമുറുകി, കാലുകള്‍ നിലത്തുറച്ചിരിക്കുന്ന നിലയിലാണ് മൃതദേഹം. ഇടതുകയ്യില്‍ മുറിവും, രക്തം ഒഴുകിയതും വ്യക്തമായുണ്ട്. തലയിലും പരുക്കുണ്ട്. ലോട്ടറി വില്‍പനക്കാരനായ മകന്‍ ജയകുമാര്‍ , പുലര്‍ച്ചെ അഞ്ചുമണിയോടെ വീടിനുപുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മൃതദേഹം കണ്ടത്. 

ദുരൂഹത നിഴലിക്കുന്ന മരണത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ചന്ദ്രശേഖരന്‍റെ ഭാര്യയും, നാലുമക്കളില്‍ ഒരാളും നേരത്തെ മരിച്ചു. മറ്റൊരു മകന്‍ അനില്‍കുമാറിന് ഗുജറാത്തിലാണ് ജോലി. ശ്രീകുമാര്‍ , ജയകുമാര്‍ , ജയകുമാറിന്‍റെ ഭാര്യ എടത്വ സ്വദേശിനി പൗര്‍ണമി എന്നിവര്‍ക്കൊപ്പമാണ് ചന്ദ്രശേഖരന്‍ താമസിച്ചിരുന്നത്. പതിമൂന്നുവര്‍ഷം മുന്‍പ് മരത്തില്‍നിന്ന് വീണ് ശരീരികബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് ജയകുമാര്‍ . ഇയാള്‍ക്കായി വീടിനുസമീപം നാട്ടുകാര്‍ സജ്ജീകരിച്ച ചെറിയ കടയാണ് ഉപജീവന മാര്‍ഗം. 

ഈ കട ഇപ്പോള്‍ ഉപയോഗിച്ചിരുന്നത് ചന്ദ്രശേഖരനാണെന്നും, സമീപത്തെ കള്ള് ഷാപ്പിലെത്തുന്നവരുമായി ചേര്‍ന്ന് മദ്യപാനമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മദ്യപാനവും തര്‍ക്കവും, സംഘര്‍ഷവുമെല്ലാം വീട്ടില്‍ പതിവായിരുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഇത് കഴിഞ്ഞദിവസവും തുടര്‍ന്നു. ഇക്കാര്യം മകന്‍ ജയകുമാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം , സംഭവദിവസം പിതാവുമായി വഴക്കും സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നും, മൃതദേഹത്തില്‍ കാണപ്പെട്ട മുറിവ് മദ്യപിച്ച് വീണപ്പോള്‍ സംഭവിച്ചതാകാമെന്നുമാണ് മകന്‍ ശ്രീകുമാര്‍ പറയുന്നത്. 

കൈയ്യിലെ മുറിവിനൊപ്പം, തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച ചെറിയ പ്ലാസ്റ്റിക് കയറും , കാലുകള്‍ നിലത്തുറപ്പിച്ചിരിക്കുന്ന നിലയിലുള്ള മൃതദേഹവും എല്ലാം ദുരൂഹതകള്‍ ബാക്കിയാക്കുന്നു. ഒപ്പം, വ്യത്യസ്തമായ മൊഴികളും ദുരൂഹതയ്ക്ക് ബലമേകുന്നുണ്ട്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദരെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.