വനിതാ കബഡി താരത്തെ അപമാനിച്ചു; അര്‍ജുന അവാര്‍ഡ് ജേതാവ് അറസ്റ്റില്‍

വനിതാ കബഡി താരത്തെ അപമാനിച്ചതിന് അര്‍ജുന അവാര്‍ഡ് ജേതാവും കര്‍ണാടക മുന്‍ കബഡി താരവുമായ ബി സി രമേഷ് അറസ്റ്റില്‍. ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ഉഷാറാണിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംഭവം, ബി സി രമേഷും സുഹൃത്തുക്കളും ബെംഗളൂരുവില്‍ വച്ച് കബഡി താരമായ ഉഷാറാണിയെ മോശമായ വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി. ഉഷാറാണിയും ബി സി രമേഷും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംഭവത്തിന് പിന്നാലെ ഉഷാറാണി ബെംഗളൂരു സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതെത്തുടര്‍ന്നാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവായ ബി സി രമേഷ് നിലവില്‍ കര്‍ണാടക കബഡി അസോസിയേഷന്‍ ഒാര്‍ഗനൈസിംഗ് സെക്രട്ടറിയാണ്.