ദേശീയ ചാംപ്യന് റാഗിങ്; അന്വേഷണത്തിന് കോളജ്; ആവശ്യപ്പെട്ടാൽ കേസ്

ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യനായ വിദ്യാർഥിക്ക് ക്യാംപസിൽ മര്‍ദനമേറ്റതില്‍ അന്വേഷണം പ്രഖ്യാപിച്ച് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ഒന്നാംവർഷക്കാരന് നേരെയുണ്ടായ റാഗിങ് ശ്രമമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് നിഗമനം. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നും പരാതിക്ക് അടിസ്ഥാനമില്ല എന്നുമാണ് പ്രതിസ്ഥാനത്തുള്ള മുതിർന്ന വിദ്യാർഥികളുടെ വിശദീകരണം. 

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിന്നുള്ള അനക്സ് റോണ്‍ മാത്യു 2017ലും 2018ലും പവർ ലിഫ്റ്റിങ്ങില്‍ ദേശീയ ചാംപ്യനായിരുന്നു. സ്പോര്‍ട്സ് ക്വാട്ടയില്‍ ‌പ്രവേശനം നേടിയാണ് കളമശേരി മെഡിക്കല്‍ ‍കോളജിലെത്തിയത്. ബുധൻ രാത്രി കോളജില്‍ നടന്ന ആര്‍ട്സ് ഫെസ്റ്റിനിടെയാണ് അനക്സും മുതിർ‌ന്ന വിദ്യാർഥികളും ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ അനക്സിന്‍റെ തോളെല്ല് തെന്നിമാറി. 

വിശ്രമം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ജനുവരിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ അനക്സിന് പങ്കെടുക്കാന്‍ കഴിയില്ല. എന്നാൽ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ച് സംഘർഷത്തിന് വഴിവച്ചത് അനക്സ് ആണെന്നാണ് മുതിർന്ന വിദ്യാർഥികളുടെ വിശദീകരണം. അനക്സുമായി ഉണ്ടായ സംഘര്‍ഷത്തിൽ ഇവരിൽ മൂന്നുപേർക്കും പരുക്കുണ്ട്.  

റാഗിങ് ശ്രമമാണ് അടിസ്ഥാന കാരണമെന്ന നിഗമനത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോളജ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഔദ്യോഗികമായി പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണത്തിന് ശേഷം കോളജ് അധികൃതർ ആവശ്യപ്പെട്ടാൽ കേസെടുക്കമെന്നാണ് പൊലീസ് നിലപാട്.