സിലിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചത് ബോധപൂർവം; ജോളിയുടെ മൊഴി

ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി കൂടത്തായി കൊലക്കേസ് പ്രതി ജോളി. സയനൈഡ് നൽകിയതിന് പിന്നാലെ ദന്താശുപത്രിയിൽ കുഴഞ്ഞ് വീണ സിലിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചത് ബോധപൂർവമാണെന്നും ജോളി മൊഴി നൽകി.  

മരണമുണ്ടായ ദിവസം സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രി ജീവനക്കാർ ജോളിക്കായിരുന്നു കൈമാറിയിരുന്നത്. ഈ സ്വർണം പിന്നീട് കാണാതായെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ ചോദ്യങ്ങൾക്കാണ് സ്വർണം ഷാജുവിന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി മൊഴി നൽകിയത്. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പറഞ്ഞു. മൂന്നാമത്തെ ശ്രമത്തിലാണ് സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയത്. ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കാനുള്ള സഹോദരന്റെ ശ്രമം ബോധപൂർവം വിലക്കി. മൂന്നര കിലോമീറ്റർ അധികം ചുറ്റിയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇത് മരണം ഉറപ്പിക്കുന്നതിനായിരുന്നുവെന്നും ജോളി ആവർത്തിച്ചു. 

സിലി കുഴഞ്ഞുവീണ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുമെത്തിച്ച് വീണ്ടും തെളിവെടുക്കും. സയനൈഡ് ലഭിച്ചതായിപ്പറയുന്ന കോയമ്പത്തൂരിലും ജോളിയെ എത്തിക്കാനുള്ള സാധ്യതയുണ്ട്. സിലി വധക്കേസിൽ ആറ് ദിവസത്തെ കസ്റ്റഡി കഴിഞ്ഞ ദിവസമാണ് താമരശ്ശേരി കോടതി അനുവദിച്ചത്.

പലതും ഷാജുവിന് അറിയാമെന്ന മുൻ നിലപാടിൽത്തന്നെയാണ് ജോളി. സിലിയുമായുണ്ടായിരുന്ന സൗഹൃദം വിദ്വേഷമായി മാറിയതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ടെന്നും മൊഴിയുണ്ട്.