ജോളി എങ്ങനെ കൊടും ക്രിമിനൽ ആയി..? കാരണങ്ങൾ ചികഞ്ഞ് പൊലീസ്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പരമാവധി ദിവസം കസ്റ്റഡിൽ ലഭിക്കാൻ നിയമപരമായി തന്ത്രങ്ങൾ മെനഞ്ഞ് അന്വേഷണസംഘം. കൊലപാതകക്കേസുകളിൽ ഒരുമിച്ച് അറസ്റ്റ് രേഖപ്പെടുത്തേണ്ടെന്നാണ്  തീരുമാനം.  

ആറു കൊലപാതകങ്ങളും ആറ് കേസുകളായി അന്വേഷിക്കുന്നു. എല്ലാ കേസിലും പ്രധാന പ്രതി ജോളി തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. ഈ കേസുകളിലെല്ലാം അന്വേഷണം നടക്കുന്നുണ്ടെങ്കിലും അറസ്റ്റും റിമാൻഡും കസ്റ്റഡിയും നടന്നത് റോയി കേസിൽ മാത്രം. കാരണം പരമാവധി ദിവസം ജോളിയെ കസ്റ്റഡിയിൽ ലഭിക്കുക. അതിനായി റോയി കേസിലെ കസ്റ്റഡി ആവശ്യം തീർന്ന് പ്രതിയെതിരികെ കോടതിയിൽ ഏൽപിക്കുന്ന ദിവസം അടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തുക. ശേഷം ആ കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങുക. ഇങ്ങനെ ഓരോ കേസുകളും മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. 

ജോളിയെ വെറുതെ കസ്റ്റഡിയിൽ വാങ്ങുകയല്ല ലക്ഷ്യം. ജോളിയെ അടുത്തറിയുക. എങ്ങനെ ജോളിയെന്ന വ്യക്തിയിൽ കൊടും ക്രിമിനൽ ജനിച്ചെന്ന് കണ്ടെത്തുക. കേരള പൊലീസിനുള്ള പാഠപുസ്തകമാണ് കൂടത്തായി കൊലപാതക പരമ്പര.