തോട്ടത്തിനുള്ളിൽനിന്ന് അസ്ഥികൂടം; ഒന്നര വർഷം മുൻപ് കാണാതായ വീട്ടമ്മയുടെത് എന്ന് സംശയം

ഇടുക്കി വെണ്മണിയിൽ തോട്ടത്തിനുള്ളിൽനിന്ന്  അസ്ഥികൂടം കണ്ടെത്തി. പ്രദേശത്തു ഒന്നര വർഷം മുൻപ് കാണാതായ വീട്ടമ്മയുടെ   അസ്ഥികൂടമാണെന്ന്  സൂചന. കഞ്ഞിക്കുഴി പൊലീസ് അന്വേഷണം തുടങ്ങി.

ഇടുക്കി വെൺമണി സ്വദേശി എട്ടൊന്നിൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മയെ കഴിഞ്ഞ വർഷം ഏപ്രിൽ 9 ന് ഹർത്താൽ ദിനത്തിലാണ് കാണാതായത്. സമീപത്ത് കാടു പിടിച്ചു കിടക്കുന്ന വെള്ളമരുതുങ്കൽ ബിജുവിന്റെ പറമ്പിൽ നിന്നാണ്  അസ്ഥികൂടം കണ്ടെത്തിയത്. പുതിയ പട്ടയത്തിനായി അപേക്ഷ നൽകിയ ബിജു സ്ഥലം അളന്നു തിരിക്കുന്നതിനു കാട് വെട്ടി തെളിച്ചപ്പോൾ ആണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിന്റെ സമീപത്ത് കാണപ്പെട്ട വസ്ത്രങ്ങൾ കാണാതായ സമയത്ത് ഏലിയാമ്മ ധരിച്ചിരുന്നതാണെന്നു സൂചനയുണ്ട്. 

നാട്ടുകാർ അറിയിച്ചതനുസരിച്ച് കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഫൊറൻസിക് വിദഗ്ധർ  എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. രണ്ടു കിലോമീറ്റർ അകലെ വരിക്കമുത്തനിൽ തറവാടു വീട്ടിലേക്ക് പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഏലിയാമ്മ. ഭർത്താവിന്റെ പരാതി അനുസരിച്ച് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് ചാർജ് ചെയ്ത കേസ് ഒരു വർഷത്തെ അന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പൊലീസ് ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.