ഹൃദയം തുളച്ചു കുത്ത്, ‘ഫ്ളൈവീൽ’ പ്രഹരം; ആയുധ പരിശീലനം അന്വേഷിക്കും

കരുനാഗപ്പള്ളി: കുലശേഖരപുരത്ത് ഡ്രൈവറായ സുജിത്തിന്റെ(35) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. കുലശേഖരപുരം നീലികുളം വെളുത്തേരിൽ ഷഹിൻഷാ (23), ബിരുദ വിദ്യാർഥിയായ സഹോദരൻ അലി അഷ്കർ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഷഹിൻഷാ ചിക്കൻ സെന്റർ നടത്തിപ്പുകാരനും അലി അഷ്കർ കോളജിലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകനുമാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 10ന് രാത്രിയാണ് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നീലികുളം ലാലി ഭവനത്തിൽ ലാലുക്കുട്ടൻ എന്നു വിളിക്കുന്ന സുജിത്ത് കുത്തേറ്റു മരിച്ചത്. സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പൊലീസ് പറഞ്ഞത്: പ്രതികളുടെ മാതാവ് മണി എന്നു വിളിക്കുന്ന ഷൈലജ ബീവിയും അയൽവാസിയായ മത്സ്യവ്യാപാരി സരസനും തമ്മിൽ വാക്കേറ്റം പതിവായിരുന്നു.

പലതവണ സരസൻ പൊലീസിൽ പരാതി നൽകി. ഉത്രാട ദിവസം സരസന്റെ വീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. സരസന്റെ ഡ്രൈവറും അയൽവാസിയയുമായ സുജിത്ത് വിവരം അറിഞ്ഞു സ്ഥലത്തെത്തി. പിന്നീട് സുജിത്തും ഷഹിൻഷായും അലി അഷ്കർ തമ്മിൽ വാക്കേറ്റം ഉണ്ടായി. സഹോദരൻമാർ ബൈക്കിന്റെ പൽച്ചക്രം (ഫ്ലൈവീൽ) ഉപയോഗിച്ചു നിർമിച്ച ആയുധംകൊണ്ട് സുജിത്തിനെ മർദിച്ചു.

ഇതിനിടെ അലി അഷ്ക്കർ ചിക്കൻ സെന്ററിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചു സുജിത്തിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സുജിത്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കത്തി പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സുജിത്തിന്റെ അയൽവാസി അബ്ദുൽ സമദിന്റെ വീട്ടിലെ കാറും കുഴിവേലി ജംക്‌ഷനിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യവും മിനിലോറിയും രണ്ടു ബൈക്കുകളും തകർത്തു.

പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. കരുനാഗപ്പള്ളി എസിപി എസ്.വിദ്യാധരൻ, സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശിവകുമാർ അലോഷ്യസ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഉത്തമനാണ് സുജിത്തിന്റെ പിതാവ്. മാതാവ്:സുശീല. ഭാര്യ: ചിത്ര, മക്കൾ: അനഘ, വൈഗ.

മുഖ്യ പ്രതിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും

കൊലപാതകക്കേസിലെ മുഖ്യ പ്രതിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സുജിത്തിന്റെ നെഞ്ചിന്റെ മധ്യഭാഗത്തേറ്റ കുത്താണ് മരണ കാരണമെന്ന് പറയുന്നത്. കുത്തേറ്റ് ഹൃദയം തുളഞ്ഞിരുന്നു. 

തലയുടെ പിന്നിൽ ഫ്ലൈവീൽ ഉപയോഗിച്ചുള്ള മർദനത്തിലെ പരുക്കും സാരമായിരുന്നു.  രണ്ടും ചെയ്തത് അലി അഷ്കറാണന്നു പൊലീസ് പറഞ്ഞു. പരിശീലനം ലഭിച്ചവർക്കു മാത്രമേ ഈ രീതിയിൽ കൊലപാതകം നടത്താൻ സാധിക്കുകയുള്ളൂ എന്ന നിഗമനത്തിലാണ്  പൊലീസ്. അതിനാലാണ് പ്രതികൾക്ക് പ്രത്യേക ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നത്