ഫോട്ടോഗ്രാഫറെ അടിച്ചുവീഴ്ത്തി ക്യാമറ മോഷണം; പ്രതി പിടിയിൽ

ഫോട്ടോഗ്രാഫറെ അടിച്ചുവീഴ്ത്തി ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി കടന്ന പ്രതിയെ കായംകുളം പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷാണ് പിടിയിലായത്. കൊലക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ‌ഇയാള്‍ സ്ഥിരം മോഷാടവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി

കഴിഞ്ഞ മാസം 29 നാണ് കായംകുളം പുതിയിടം കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ പ്രതി അടിച്ചു വീഴ്ത്തിയത്. PWD ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്റ്റുഡിയോയില്‍ എത്തുകയും ചിത്രങ്ങൾ എടുക്കാനായി കൂട്ടികൊണ്ടുപോവുകയും ചെയ്തു. വഴിയിൽവെച്ചാണ് അടിച്ച് വീഴ്ത്തിയശേഷം പ്രതി ക്യാമറകളുമായി മുങ്ങിയത്. ലക്ഷങ്ങൾ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതിയെ കേരള അതിർത്തിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ദിവസങ്ങളോളം രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ നീക്കങ്ങള്‍ മനസിലാക്കിയിരുന്നു. ക്യാമറ കവർന്നതുകൂടാതെ കരുനാഗപ്പള്ളിയിലെ കടയിൽ നിന്നും ബൈക്ക് കവർന്നതായും, തിരുവനന്തപുരം വെള്ളറട, പത്തനംതിട്ട പുളിക്കീഴ് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ ക്യാമറ മോഷ്ടിച്ചകായി കണ്ടെത്തി. കന്യാകുമാരിയിലു കേസുണ്ട്. പ്രതി രാജേഷ് തമിഴ് നാട്ടിൽ കൊലക്കുറ്റത്തിന് ജയിലിൽ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയിട്ട് ആറുമാസം ആയിട്ടേയുള്ളു. മുൻപ് വെണ്മണിയിൽ പിടിച്ചുപറി കേസ്സിൽ രണ്ടര വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്

കവർന്നെടുക്കുന്ന ക്യാമറകൾ തമിഴ്നാട്ടിലെ നാഗർ കോവിലിനടുത്തുള്ള കോട്ടാർ എന്ന സ്ഥലത്താണ് പ്രതി വിറ്റിരുന്നത്. മോഷണം നടത്താനുള്ള യാത്രകള്‍ക്കാണ് മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ്ത്തില്‍ മനസിലായി.