ഉടുമ്പൻചോലയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം; പൊലിസിനെതിരെ കുടുംബം

ഇടുക്കി ഉടുമ്പന്‍ ചോലയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിതൂക്കിയെന്ന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന  ആരോപണവുമായി കുടുംബം. മരണം ആത്മഹത്യയാക്കി  പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ്  സ്വീകരിച്ചതെന്നും പരാതി. സംഭവത്തിൽ ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്ന്  ആരോപണം.

കഴിഞ്ഞ ഡിസംബർ 22-ന് രാത്രി ഒൻപത് മണിയോടെയാണ് ഉടുമ്പൻചോലയ്ക്ക് സമീപം അശോകവനം സ്വദേശി വിഷ്ണുവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടത് .  

പോസ്റ്മാർട്ടത്തിൽ ദേഹത്ത് പരുക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. സംഭവ ദിവസം വൈകിട്ട് കൈലാസനാട് സ്വദേശികളായ അഞ്ച് യുവാക്കളും വിഷ്ണുവും തമ്മിൽ മദ്യലഹരിയിൽ സംഘർഷം ഉണ്ടായിരുന്നു. 

വിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്നാണ് സംശയം.ശാന്തൻപാറ പൊലീസിൽ വിഷ്ണുവിന്റെ അമ്മ പരാതി നൽകി. എന്നാൽ കേസ് അട്ടിമറിച്ച് പൊലീസ് തെളിവ് നശിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. 

മാർച്ച് എട്ടിന്  അഞ്ച് യുവാക്കൾക്കെതിരെ  ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാലിന്  പരാതി നൽകി. ഇതിന് പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷ്ണുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടും, കേസിന്റെ മറ്റ് രേഖകളും കാണാതായി. രേഖകൾ നഷ്ടപ്പെട്ടതോടെ കേസുമായി മുന്നോട്ട് പോകാനാവാത്ത നിലയിലാണെന്നു കുടുംബാംഗങ്ങൾ  പറയുന്നു.  എന്നാൽ തങ്കമ്മയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും, വിഷ്ണുവിനെ മർദിച്ചവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയെന്നും പൊലീസ് അറിയിച്ചു. വിഷ്ണു മരിക്കുന്നതിനു മുൻപ് മർദനം ഏറ്റതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം വിഷ്ണു ആത്മഹത്യ ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.  മൊഴിയെടുപ്പ് പൂർത്തിയായാലുടൻ കൂടുതൽ നടപടികളിലേക്കു നീങ്ങുമെന്ന്  ക്രൈംബ്രാഞ്ച് അറിയിച്ചു.