ഓട്ടോയിൽ കറങ്ങി ആട് മോഷണം; രണ്ടംഗ സംഘം പിടിയിൽ

ഓട്ടോയില്‍ കറങ്ങി നടന്നു ആടുകളെ മോഷ്ടിക്കുന്ന രണ്ടംഗ സംഘം കൊല്ലം കടയ്ക്കലില്‍ പിടിയില്‍. മോഷ്ടിച്ച ആടുകളെ ചന്തയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. 

തിരുവനന്തപുരം വെഞ്ഞാറുംമൂട് സ്വദേശികളായ ജയകുമാറും സുധീഷും. ഇരുവരും സുധീഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ ചുറ്റിതിരിഞ്ഞു ആടുകളെ മോഷ്ടിക്കും. എന്നിട്ട് ദൂരസ്ഥലങ്ങളിലുള്ള കാലി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും. കടയ്ക്കല്‍ മേഖലയില്‍ ആടുമോഷണം പതിവായതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. സിസിടിവിയില്‍ നിന്നു മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിന്‍തുടരുകയും ചെയ്തു. മോഷ്ടിച്ച ആടുകളെ തിരുവനന്തപുരം പോത്തന്‍കോടുള്ള കാലി ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും പൊലീസ് പിടികൂടി. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഓട്ടോ കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ആടുകളെ പൊലീസ് ഉടമസ്ഥര്‍ക്ക് കൈമാറി.