മൃതദേഹത്തിനടുത്ത് നായയെ കൊന്നിട്ടു; പൊലീസിനെ വഴിതെറ്റിക്കാൻ പ്രതികളുടെ കുതന്ത്രം

എറണാകുളത്ത് നെട്ടൂരിൽ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ കേസിൽ പ്രതികൾ ആസൂത്രണം ചെയ്തത് വൻ കുതന്ത്രങ്ങൾ. അർ‌ജുനെപ്പറ്റി ചോദിക്കുന്നവരോട് എല്ലാവരും നൽകിയത് ഒരേ മറുപടിയെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്തപ്പോഴും പിടികൊടുക്കാതെ പിടിച്ചുനിന്നു. 

അർജുന്റെ മൊബൈൽ തമിഴ്നാട്ടിലേക്കുള്ള ഒരു ലോറിയിൽ കയറ്റിവിട്ടതായിരുന്നു ഒരു തന്ത്രം. മൊബൈൽ സിഗ്നുകളെ പൊലീസ് പിന്തുടരും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. 

മൃതദേഹത്തിനടുത്ത് തെരുവുനായയെ കൊന്നിട്ടതും ഇവർ തന്നെയാണെന്നാണ് വിലയിരുത്തൽ. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തുവന്നാലും നായ ചത്തതുമൂലമാണിതെന്ന് കരുതാനായിരുന്നു ഈ നീക്കം. മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തുവന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നീളുന്നത് ലഹരി മാഫിയയിലേക്കാണ്. എറണാകുളം കേന്ദ്രീകരിച്ച് പടർന്നു പന്തലിക്കുന്ന ലഹരി മാഫിയയുടെ കണ്ണികളാണ് കൊല്ലപ്പെട്ട യുവാവും അക്രമികളും എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

കൊല്ലപ്പെട്ട അർജുന്റെ പേരിൽ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ തന്നെ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ മറയൂരിലും ലഹരിമരുന്നു കേസിൽ പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും അടങ്ങുന്ന സംഘങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരിമരുന്ന് എത്തിക്കുകയും വിതരണം ചെയ്തിരുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

കൊല്ലപ്പെട്ട അർജുനും സുഹൃത്ത് അബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന അബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ അബിനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് നിബിൻ വിശ്വസിച്ചിരുന്നത്. പലപ്പോഴും ലഹരിയിലായിരിക്കുമ്പോൾ ഇതു പറഞ്ഞ് അർജുനെ നിബിൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

സംഭവദിവസം രാത്രി പത്തിന് വീട്ടിൽ നിന്ന് അർജുനെ വിളിച്ചിറക്കി രണ്ടര മണിക്കൂറിനകം കൃത്യം പൂർത്തിയാക്കിയെന്നാണ് സൂചന. ക്രൂരമായി മർദ്ദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. പട്ടിക കൊണ്ടും കല്ലു കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഉയരാതിരിക്കാൻ കല്ലുകൾ പുറത്തിട്ടെന്നും സൂചനയുണ്ട്.

ലോണെടുത്താണ് മാതാപിതാക്കൾ മകന് ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.