പരിശോധനയില്ലാതെ സ്വർണക്കടത്ത്; സഹായത്തിന് കസ്റ്റംസ് സൂപ്രണ്ട്; ഒടുവിൽ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന്‍ അറസ്റ്റില്‍. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ്. രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കെന്ന സംശയം ബലപ്പെട്ടു.

25 കിലോ സ്വര്‍ണക്കടത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് സ്വര്‍ണക്കടത്ത് തടയേണ്ട കസ്റ്റംസ് സൂപ്രണ്ടിലേക്കെത്തിയിരിക്കുന്നത്. 25 കിലോ സ്വര്‍ണക്കടത്തില്‍ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള പല സ്വര്‍ണക്കടത്തിലും ബി. രാധാകൃഷ്ണന് പങ്കെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശികളായ സെറീന ഷാജിയും സുനില്‍കുമാറും ചേര്‍ന്ന് ഹാന്‍ഡ് ബാഗില്‍ വച്ചാണ് 25 കിലോ സ്വര്‍ണം കൊണ്ടുവന്നത്. ഇത്രയും അധികം സ്വര്‍ണം ഇത്ര നിസാരമായി കടത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥരുടെ സഹായമുള്ളതുകൊണ്ടാവുമെന്ന് ഡി.ആര്‍.ഐയ്ക്ക് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനടക്കം മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ മൂന്ന് തവണ ചോദ്യം ചെയ്തു. 

രാധാകൃഷ്ണന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രതികളായ ചിലരുടെ നമ്പരുകള്‍ ലഭിച്ചതോടെയാണ് അറസ്ററിന് വഴിയൊരുങ്ങിയത്. സ്വര്‍ണം കടത്തിക്കൊണ്ട് വന്ന സെറീന അടക്കമുള്ള പ്രതികളുടെ വിവരങ്ങള്‍ രാധാകൃഷ്ണന് മുന്‍കൂട്ടി ലഭിച്ചിരുന്നൂവെന്നും, അതനുസരിച്ച് പരിശോധനകള്‍ ഒഴിവാക്കി വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചെന്നുമാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ഇതിനൊപ്പം 25 കിലോ സ്വര്‍ണം വാങ്ങാമെന്നേറ്റിരുന്ന തിരുവനന്തപുരം സ്വദേശി റാഹിദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍  അഭിഭാഷകന്‍ ബിജു മോഹനന്‍ അടക്കം സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണികളായവര്‍ ഇപ്പോഴും ഒളിവിലാണ്.