പഞ്ചസാര ലായനിയിൽ ഫെവിക്കോൾ,നിറം കിട്ടാൻ പഴയ നാണയം; വ്യാജനാണ് ഇവൻ

മൂന്നാർ: ഇടവേളയ്ക്ക് ശേഷം വ്യാജ തേൻ വിൽപനക്കാരായ നാടോടികൾ മൂന്നാറിൽ വീണ്ടും സജീവമാകുന്നു. രാസ പദാർഥങ്ങൾ ഉപയോഗിച്ച് ഇവർ തന്നെ ഉണ്ടാക്കുന്ന പാനീയം ആണ് തേൻ എന്ന പേരിൽ വൻ വിലയ്ക്ക് നൽകി വിനോദസഞ്ചാരികളെ കബളിപ്പിക്കുന്നത്. മാസങ്ങൾക്ക് മുൻപ് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഇവിടം വിട്ട സംഘങ്ങളാണു വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ചിന്നാർ വനത്തിൽ നിന്ന് ശേഖരിക്കുന്നത് എന്ന വ്യാജേന തേൻ അട വലിയ അലുമിനിയം പാത്രങ്ങളിൽ അടുക്കി വച്ച് അതിൽ ഇവർ ഉണ്ടാക്കിയ ലായനി ഒഴിച്ച ശേഷം ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ അതിൽ നിന്ന് കുപ്പിയിൽ പകർന്നാണ് വിൽപന. വൻ തേൻ, ചെറു തേൻ എന്നിങ്ങനെ 2 ഇനമായി തിരിച്ച് 450 മുതൽ 700 രൂപ വരെ വിലയ്ക്കാണ് കച്ചവടം

തമിഴ്നാട്ടിലെ ഉദുമൽപേട്ട ഭാഗത്ത് നിന്നുള്ള നാടോടികൾ ആണ് കുടുംബസമേതം ഇരുചക്ര വാഹനങ്ങളിൽ വ്യാജ തേനുമായി എത്തുന്നത്. പഞ്ചസാര ലായനിയിൽ ഫെവിക്കോൾ ചേർത്ത് നിറം കിട്ടാൻ പഴയ നാണയത്തുട്ടുകൾ ഇട്ട് വച്ചാണ് ഇവരുടെ തേൻ നിർമാണം. തേൻ അറകളും വിൽപനക്കാരായ ആദിവാസികളേയും കാണുമ്പോൾ വിനോദസഞ്ചാരികൾ വിശ്വസിക്കുകയും വൻ വിലയ്ക്ക് ഈ വിഷ ലായനി വാങ്ങുകയും ചെയ്യുന്നു