രവി പൂജാരിയെ ഇന്ത്യയിലെത്തിക്കുന്നത് ഇനിയും വൈകും

അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിക്കുന്നത് ഇനിയും വൈകും. സെനഗലില്‍ അറസ്റ്റിലായ പൂജാരി, അനുയായികള്‍ വഴി വ്യാജ പരാതികള്‍ നല്‍കി നടപടി ക്രമങ്ങള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. സെനഗല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തകേസുകളില്‍ വിചാരണ പൂര്‍ത്തിയാകാതെ പൂജാരിയെ ഇന്ത്യയിലെത്താക്കാനാവില്ല.

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലടക്കം പ്രതിയായ രവി പൂജാരി ജനുവരിയിലാണ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായത്. ആന്‍റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു ഇയാള്‍. വിവിധ സംസ്ഥാനങ്ങളിലായി കൊലപാതകമടക്കം നൂറോളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. അറസ്റ്റിലായതിന് പിന്നാലെ താന്‍ രവി പൂജാരി അല്ലെന്നും,ആന്‍റണി ഫെര്‍ണാണ്ടസ് തന്നെയാണെന്നും ഇയാള്‍ വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ വിരലടയാളവും ഡിഎന്‍എ സാമ്പിളുകളുമടക്കം സെനഗല്‍ കോടതിയില്‍ ഇന്ത്യ തെളിവുകള്‍ നിരത്തിയതോടെ പൂജാരിയുടെ വാദങ്ങള്‍ പൊളിഞ്ഞു.

ഇതോടെയാണ് പുതിയ അടവുകള്‍. രവി പൂജാരി ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെന്ന് സെനഗല്‍ സ്വദേശിയായ യുവാവ് പരാതി നല്‍കി. ഇൗ കേസില്‍ വിചാരണ പൂര്‍ത്തിയാകാതെ പൂജാരിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല.  അനുയായികള്‍ വഴി വ്യാജപരാതികള്‍ നല്‍കി നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കങ്ങളാണിതെന്നും, ഇത്തരത്തില്‍  കൂടുതല്‍ പരാതികള്‍ ഉയര്‍ന്നേക്കുമെന്നുമാണ് ബെംഗളൂരു പൊലീസ് പറയുന്നത്. അതേസമയം കുറ്റവാളികളെ കൈമാറാനുളള അന്താരാഷ്ട്ര ധാരണപ്രകാരം പൂജാരിയെ വിട്ടുകിട്ടാനുളള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം തുടരുന്നുണ്ട്.