70 കേസുകളിൽ പ്രതി; 15 വർഷം ഒളിവുജീവിതം; 'ആന്റണി' എന്ന രവിപൂജാരി

എഴുപതോളം കേസുകളിൽ പ്രതിയും  15 വർഷത്തിലേറായി ഒളിവിലുമായിരുന്ന വിവാദ പുരുഷൻ രവി പൂജാരിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിലാണ്  അധാലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായത്. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവില്‍ കഴിയവേയാണു കഴിഞ്ഞദിവസം പിടിയിലായത്.

തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി കുടുങ്ങിയത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു ഒളിവുജീവിതമെന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

എഴുപതോളം കേസുകളിൽ പ്രതിയായ രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിൽ ബൈക്കിലെത്തിയ സംഘം വെടിയുതിർത്ത സംഭവത്തിൽ ബന്ധം ആരോപിക്കപ്പെട്ടതോടെ കേരളത്തിലും വിവാദപുരുഷനായി. 15 വർഷത്തിലേറെയായി ഒളിവിലാണ്.

രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ഉടൻ ആവശ്യപ്പെടും. ഉഡുപ്പിയിൽ ജനിച്ചുവളർന്ന് മുംബൈയിൽ അധോലോക പ്രവർത്തനം ആരംഭിച്ച രവി ആദ്യം ഛോട്ടാ രാജൻ സംഘത്തിനൊപ്പമായിരുന്നു. തൊണ്ണൂറുകളിൽ ദുബായിലേക്കു താവളം മാറ്റി. പിന്നീട് ഓസ്ട്രേലിയയുള്ളതായും സൂചനയുണ്ടായിരുന്നു. കൂട്ടാളികൾ മുഖേന മുംബൈ അധോലോകത്ത് ഇപ്പോഴും സജീവമാണ്. 

കഴിഞ്ഞ മാസം 19നാണു സെനഗലില്‍ അറസ്റ്റുണ്ടായത്. പൂജാരിയെ വിട്ടുനല്‍കാന്‍ തയാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചെന്നാണു സൂചന. ബുര്‍ക്കിന ഫാസോയിലാണ് രവി കഴിയുന്നതെന്നു നാലു മാസം മുൻപാണു കണ്ടെത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ സെനഗലിലേക്കു കടന്നു. ദാകറിൽ റസ്റ്റോറന്‍റ് നടത്തിയാണ് ഒളിക്കാൻ സാഹചര്യമുണ്ടാക്കിയത്.

മുബൈയിലെ ചെമ്പൂരിൽനിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമ എന്നയാളാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. തുടർന്നു ഹോട്ടൽ ഉടമകളിൽനിന്നു ഹഫ്‌ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്‌തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ.