കരിങ്കല്ല് കൊണ്ട് ഇടിച്ചു; ഇരുമ്പു മണ്‍വെട്ടി കൊണ്ട് അടിച്ചു; അച്ഛനെ കൊന്ന മകൻ പിടിയിൽ

അച്ഛനെ അടിച്ചുകൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ പുളിക്കലിലാണ് സംഭവം.തമിഴ്നാട് സേലം  സ്വദേശി  മുത്തുച്ചെട്ടിയെ ഇരുമ്പു മണ്‍വെട്ടികൊണ്ട് മകന്‍ വിജയ്  തലക്കടിച്ച് കൊലപെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .രാത്രി മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ഭാര്യ പൂങ്കാവനവുമായി വഴക്കിട്ടു.അകത്ത് ഉറങ്ങുകയായിരുന്ന മകന്‍ വിജയിനെ ഇവരുടെ വഴക്ക് പ്രകോപിപ്പിച്ചു.തുടര്‍ന്ന് മുത്തുച്ചെട്ടിയെ ആക്രമിക്കുകയായിരുന്നു.

ആദ്യം കരിങ്കല്ല് കൊണ്ട് മുഖത്തും തലക്കും അടിച്ചു പരുക്കേല്‍പ്പിച്ചു.പിന്നീട് വീട്ടിനകത്തുണ്ടായിരുന്ന ഇരുമ്പ് മണ്‍വെട്ടിയെടുത്ത് തലക്കടിച്ചു.മുത്തുച്ചെട്ടി സംഭവ സ്ഥലത്തുവച്ച് തന്നെ  മരിച്ചു.മകന് മാനസിക പ്രശ്നമുള്ളതായാണ് സംശയം. വഴക്കിനിടെ അമ്മ പൂങ്കാവനത്തിനും സാരമായി പരുക്കേറ്റിട്ടുണ്ട്.കൊലപാതകം, മാരകായുധം ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു