ഹർത്താൽ ദിനത്തിൽ ഡോക്ടറെ മർദിച്ച കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

ആലുവയില്‍ ഹർത്താൽ ദിനത്തിൽ ആശുപത്രിയിലേക്ക് പോയ ഡോക്ടറെ വാഹനം തടഞ്ഞ് നിർത്തി മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ഡോക്ടർമാർ പണിമുടക്കിലേക്ക്. പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം തലവൻ ഡോക്ടര്‍ ടി.എ.ഷെരീഫിനാണ് മര്‍ദനമേറ്റത്.

ആലുവ പെരുമ്പാവൂർ റോഡിൽ നായരുപീടികയ്ക്ക് സമീപത്തുവച്ചാണ് ഹര്‍ത്താലനുകൂലികൾ ഡോക്ടർ ഷെരിഫിന്റെ വാഹനം തടഞ്ഞ് താക്കോൽ ഊരിയെടുക്കുകയും മർദിക്കുകയും ചെയ്തത്. ഫോൺ വിളിക്കാൻ ശ്രമിച്ച ഡോക്ടറുടെ കയ്യില്‍ നിന്ന് മൊബെൽ ഫോൺ പിടിച്ച് വാങ്ങി തകർത്തു. അക്രമത്തിൽ ഡോക്ടറുടെ ചെവിയുടെ കർണപടത്തിന് പൊട്ടലുണ്ടായി.

അക്രമത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആശുപതിയിൽ ചേര്‍ന്ന പ്രതിഷേധയോഗമാണ് പണിമുടക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. പൊലീസ് തിരിച്ചറിഞ്ഞ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിൽ പണിമുടക്കുമെന്നാണ് പ്രഖ്യാപനം. വാഹനം തടയുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ ലഭ്യമായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.