പൂട്ടിക്കിടക്കുന്ന വീടുകളിൽ സിനിമ സ്റ്റൈലിൽ മോഷണം; കണ്ണാടി ഷാജി പിടിയിൽ

പൂട്ടിക്കിടക്കുന്ന വീടിന്‍റെ എയര്‍ഹോളിലൂടെ അകത്ത് കയറുന്ന മോഷ്ടാവ്. സിനിമകളില്‍ കണ്ടിട്ടുള്ള ഈ രംഗം കുപ്രസിദ്ധമോഷ്ടാവ്  കണ്ണാടി ഷാജിയുടെ സ്ഥിരം ശൈലിയാണ്.  കഴിഞ്ഞദിവസം കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായ  ഷാജി  തെളിവെടുപ്പിനിടെ പൊലീസിന് മുന്നില്‍ അതെല്ലാം ആവര്‍ത്തിച്ചു.  

നിങ്ങള്‍ വീട് നന്നായി പൂട്ടിയിട്ടുണ്ടാകും. കാവലിന് സി.സി.ടി.വിയും ഉഗ്രശേഷിയുള്ള നായയുടെ സാന്നിധ്യവും ഉറപ്പാക്കും. അവിടെയും കണ്ണാടിക്കല്‍ ഷാജി പ്രതിരോധം മറികടന്ന് വീട്ടിനുള്ളില്‍ കയറും. വീട് നിര്‍മാണത്തില്‍ വായു കടക്കാനുള്ള ഇടമാണ് കരുതുന്നതെങ്കില്‍ കവര്‍ച്ചക്കാരന് അത് വാതിലാണ്. 

പിന്‍വാതിലില്‍ മൂന്ന് കുറ്റിയുണ്ടെങ്കിലും ജനല്‍വിടവിലൂടെ ഇങ്ങനെ വേഗത്തില്‍ കതക് തുറക്കാം. അവിടെ സഹായത്തിനായി കണ്ടെത്തിയിരിക്കുന്നത് തറ വൃത്തിയാക്കുന്ന ചൂലിന്റെ പിന്‍ഭാഗമാണ്. 

വായു കടക്കാനുള്ള വിടവ്, മുകളിലത്തെ നിലകളില്‍ തുറന്നിട്ടിരിക്കുന്ന ഏതെങ്കിലുമൊരു ജനല്‍പ്പാളി അങ്ങനെയുള്ള വഴികളിലൂെട മറ്റാരെയും അതിശയിപ്പിക്കുന്ന തരത്തിലായിരിക്കും കണ്ണാടിക്കല്‍ ഷാജി കവര്‍ച്ചയ്ക്കെത്തുക. സ്പൈഡര്‍മാന് സമാനമായി എത്ര ഉയരത്തിലേക്കും ഷാജി കയറും. പകല്‍സമയത്തെത്തി നോക്കി മടങ്ങിയാല്‍ രാത്രിയില്‍ അവിടെ കയറി കവര്‍ച്ച നടത്തുന്നതാണ് ഹരം. എട്ടംഗ ബൈക്ക് കവര്‍ച്ചാസംഘത്തിലെ പ്രധാനിയെന്ന നിലയിലാണ് കഴിഞ്ഞദിവസം ഷാജി കസബ പൊലീസിന്റെ പിടിയിലായത്. 

വീടുകളിലെ കവര്‍ച്ചയ്ക്കുള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തെ ഷാജി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. എത്ര പണം കട്ടെടുത്താലും ഒന്നുമില്ലാത്തയാളെപ്പോലെ ലളിതമായി നടക്കുന്നതാണ് ഷാജിയുടെ രീതി. നല്ലളം, പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് വീടുകളില്‍ നിന്ന് ഷാജി പലതും കവര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും കണ്ണാടിയുടെ പുതിയ തട്ടിപ്പ് രീതികള്‍ പുറത്തറിയാനിടയുണ്ട്.