ലോറി കേന്ദ്രീകരിച്ച് അന്വേഷിച്ചു; മെരുക്കി കടത്തിയ നായയെ കണ്ടെത്തി

ഇടുക്കി വെള്ളക്കയത്തെ വീട്ടിൽ നിന്നു മോഷ്ടിച്ചു കടത്തിയ നായ്ക്കുട്ടിയെ എറണാകുളം ചിറ്റൂരിൽ നിന്നു കണ്ടെത്തി. സംഭവത്തിൽ ചിറ്റൂർ ഇടക്കുന്നം കാരത്തായ്  നിഥി (29) നെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാവ് എത്തിയ ലോറി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്നാണ് 2 ദിവസത്തിനു മുൻപു കാണാതായ ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയെ വീണ്ടെടുത്തത്.

വ്യാഴം പുലർച്ചെയാണ് ഇടുക്കി – നേര്യമംഗലം സംസ്ഥാനപാതയോടു ചേർന്ന് വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കൽ സജിയുടെ വീടിന് മുൻവശത്തെ കൂട്ടിൽ നിന്ന് ഇരുപത്തയ്യായിരത്തോളം രൂപ വില വരുന്ന പെൺനായയെ മോഷ്ടിച്ചത്. നായയെ ലോറിയിൽ കയറ്റി കൊണ്ടുപോകുന്നത് അയൽവീട്ടിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. 

അന്വേഷണത്തിൽ എറണാകുളത്തുനിന്നു പൈപ്പുമായി വന്ന ലോറിയാണെന്നു വ്യക്തമായി. തുടർന്ന് ഡ്രൈവർ നിഥിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ചിറ്റൂർ ഇടക്കുന്നത്തുള്ള വീട്ടിൽ നായയുള്ള കാര്യം അറിഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് ലോറിയും നായ്ക്കുട്ടിയെയും കസ്റ്റഡിയിലെടുത്ത് ഇടുക്കിയിൽ എത്തിക്കുകയായിരുന്നു.

നായയെ കോടതി നിർദേശ പ്രകാരം പൊലീസ് ഉടമയെ ഏൽപിച്ചു. എപ്പോൾ ആവശ്യപ്പെട്ടാലും തിരികെ ഹാജരാക്കണമെന്ന നിർദേശത്തോടെയാണ് ഉടമ ചെറുതോണി വെള്ളക്കയം സ്വദേശി പുതിയാനിക്കൽ സജിക്ക് രണ്ടര വയസ്സുള്ള നായയെ തെളിവെടുപ്പിനു ശേഷം പൊലീസ് കൈമാറിയത്. വിട്ടുകിട്ടിയ നായ സജിയുടെ വീടിനു മുന്നിലുള്ള ഇരുമ്പു കൂട്ടിൽ എത്തിക്കഴി‍ഞ്ഞു. നായയെ ഇനി മുതൽ കൂട്ടിൽ പൂട്ടി സൂക്ഷിക്കാനാണ് സജിയുടെ തീരുമാനം.