സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് കുടുംബം

വയനാട് തലപ്പുഴയില്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പൊലീസ് പ്രതികളെ സഹായിക്കുന്നു എന്നാരോപിച്ച് കുടുംബം സമരത്തിന്. സിപിഎം മാനന്തവാടി മുന്‍ ഏരിയാ കമ്മിറ്റി അംഗം പി വാസുവാണ്  മുഖ്യപ്രതി. പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. 

ആത്മഹത്യാക്കുറിപ്പില്‍ രക്തം കൊണ്ട് ഒപ്പിട്ടാണ് സിപിഎം അംഗമായ അനില്‍കുമാര്‍ ജീവനൊടുക്കിയത്.മുന്‍ ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ പി.വാസു വരുത്തി വെച്ച സാമ്പത്തിക ക്രമക്കേടുകളും പീഡനവും കാരണമാണ് മരിക്കുന്നതെന്നായിരുന്നു കത്തില്‍ പറഞ്ഞത്.

പി.വാസുവിനെ ഒന്നാം പ്രതിയാക്കിയും ബാങ്ക് സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാം പ്രതി ബാങ്ക് ജീവനക്കാരന്‍ സുനീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് പ്രതികളെ സഹായിക്കുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. അനില്‍ കുമാറിന്റെ ഡയറി കണ്ടെത്തിയിട്ടല്ല. മുഖ്യപ്രതിയായ വാസു സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നെന്നും കേസ് അട്ടിമറിക്കുന്നുവെന്നും കുടുംബം പറയുന്നു. 

വാസുവിനെതിരായ ആരോപണം അന്വേഷിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. പതിനഞ്ച് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ സംഭവം നടന്ന് നാല്‍പത് ദിവസമായിട്ടും എന്നാല്‍ പാര്‍ട്ടി ഒഴുക്കുന്‍ നിലപാട് എടുക്കുകയാണെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സഖാക്കള്‍ എന്നപേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.